Top Spec

The Top-Spec Automotive Web Portal in Malayalam

വെല്ലുവിളി ഉയർത്തി ഹോണ്ട ഹൈനസ് സിബി 350

ഏകദേശം 1.90 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില 

ഇന്ത്യയിലെ മോഡേൺ ക്ലാസിക് സെഗ്മെന്റിൽ പുതിയ മോഡൽ അവതരിപ്പിച്ച് ഹോണ്ട രംഗത്ത്. ഹോണ്ട ഹൈനസ് സിബി 350 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പുതിയ മോട്ടോർസൈക്കിളിന്റെ ടീസർ വീഡിയോ ഹോണ്ട പുറത്തുവിട്ടിരുന്നു. ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട ഹൈനസ് സിബി 350 ലഭിക്കും. ഏകദേശം 1.90 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. രണ്ട് വേരിയന്റുകളുടെയും കൃത്യം വില വൈകാതെ പ്രഖ്യാപിക്കും. ബിഗ് വിങ് എന്ന ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും വിൽപ്പന. ബുക്കിംഗ് ആരംഭിച്ചു. മൂന്ന് ഡുവൽ ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ ആകെ ആറ് പെയിന്റ് സ്കീമുകളിൽ ഹോണ്ട ഹൈനസ് സിബി 350 ലഭിക്കും. റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ സ്റ്റാൻഡേഡ്, ബെനെല്ലി ഇംപിരിയാലെ 400 എന്നീ ബൈക്കുകളെയാണ് ഹോണ്ടയുടെ പുതിയ മോഡൽ വെല്ലുവിളിക്കുന്നത്.

റെട്രോ രൂപകൽപ്പനയോടെയാണ് ഹോണ്ട ഹൈനസ് സിബി 350 വരുന്നത്. വൃത്താകൃതിയുള്ള ഹെഡ്ലാംപ്, വീതിയേറിയ ഹാൻഡിൽബാർ, കണ്ണുനീർ തുള്ളിയുടെ ആകൃതിയിൽ ഇന്ധന ടാങ്ക്, ഒരൊറ്റ സീറ്റ്, മുറിച്ചുമാറ്റിയ പോലെ ഫെൻഡറുകൾ എന്നിവ കാണാം. ഹെഡ്ലാംപിന് ചുറ്റും, ഫെൻഡറുകൾ, എൻജിൻ ക്രാങ്ക് കേസ്, എക്സോസ്റ്റ് എന്നിവിടങ്ങളിൽ ക്രോം നൽകിയിരിക്കുന്നു. അതേസമയം കറുത്ത കണ്ണാടികൾ, കറുത്ത ഹാൻഡിൽബാർ, അലോയ് വീലുകൾ എന്നിവ ആധുനിക സ്പർശങ്ങളാണ്. 

പൂർണമായും എൽഇഡി ഹെഡ്ലാംപ്, എൽഇഡി ടെയ്ൽ ലാംപ്, വൃത്താകൃതിയിൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ലഭിച്ചു. ചെറിയ എൽസിഡി, അനലോഗ് സ്പീഡോമീറ്റർ എന്നിവ ഉൾപ്പെടുന്നതാണ് ഇൻസ്ടുമെന്റ് ക്ലസ്റ്റർ. തൽസമയ മൈലേജ്, ശരാശരി മൈലേജ്, ഗിയർ പൊസിഷൻ, ബാറ്ററി വോൾട്ടേജ്, ഡിസ്റ്റൻസ് ടു എംപ്റ്റി എന്നിവ എൽസിഡിയിൽ വായിക്കാം. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്റ്റ് ചെയ്യാൻ കഴിയുമെന്നത് പ്രധാന സംഗതിയാണ്. നാവിഗേഷൻ, മ്യൂസിക് ആവശ്യങ്ങൾ, ഫോൺ കോളുകൾ, മെസ്സേജുകൾ എന്നിവയ്ക്കായി വോയ്സ് കൺട്രോൾ സംവിധാനം പ്രയോജനപ്പെടുത്താം. ഹസാർഡ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് എൻജിൻ ഇൻഹിബിറ്റർ, സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.  

  ഉരുക്കുകൊണ്ടുള്ള ഡബിൾ ക്രേഡൽ ഫ്രെയിമിലാണ് ഹോണ്ട ഹൈനസ് സിബി 350 നിർമിച്ചിരിക്കുന്നത്. 348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ കരുത്തേകും. ഈ മോട്ടോർ 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി പരമാവധി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനുമായി 5 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചു. സ്ലിപ്പർ ക്ലച്ച് സവിശേഷതയാണ്. 19- 18 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട സ്പ്രിങുകളും സസ്പെൻഷൻ നിർവഹിക്കും. മുൻ ചക്രത്തിൽ 310 എംഎം ഡിസ്ക്കും പിൻ ചക്രത്തിൽ 240 എംഎം ഡിസ്ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ഡുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ സംവിധാനമായ ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിസി) എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.