Top Spec

The Top-Spec Automotive Web Portal in Malayalam

നാട്ടുരാജാവായി വിലസാൻ മെഴ്സേഡസ് എഎംജി ജിഎൽഇ 53 കൂപ്പെ

ഇന്ത്യ എക്സ് ഷോറൂം വില 1.20 കോടി രൂപ. 4മാറ്റിക് പ്ലസ് എന്ന ഓൾ വീൽ ഡ്രൈവ് സിസ്റ്റം ലഭിച്ചു. സിബിയു രീതിയിൽ ഇറക്കുമതി ചെയ്യും. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനമായ ‘ഇക്യു ബൂസ്റ്റ്’ സ്റ്റാർട്ടർ ഓൾട്ടർനേറ്റർ നൽകി

മെഴ്സേഡസ് ബെൻസ് ഇന്ത്യയിൽ കഴിഞ്ഞയാഴ്ച്ച എഎംജി ജിഎൽഇ 53 4മാറ്റിക് പ്ലസ് കൂപ്പെ അവതരിപ്പിച്ചു. 1.20 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. എഎംജി ഡിസൈൻ സവിശേഷതകൾ കൂടാതെ വിവിധ ഡ്രൈവിംഗ് മോഡുകൾ, ‘4മാറ്റിക് പ്ലസ്’ എന്ന ഓൾ വീൽ ഡ്രൈവ്ട്രെയ്ൻ എന്നിവയോടെയാണ് മെഴ്സേഡസ് എഎംജി ജിഎൽഇ 53 4മാറ്റിക് പ്ലസ് കൂപ്പെ വരുന്നത്. പൂർണമായും നിർമിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 

സ്റ്റാർട്ടർ ഓൾട്ടർനേറ്റർ സഹിതം 3.0 ലിറ്റർ, ഇരട്ട ടർബോ, 6 സിലിണ്ടർ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 429 ബിഎച്ച്പി പരമാവധി കരുത്തും 520 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. 9 സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ടോർക്ക് ക്ലച്ച് ട്രാൻസ്മിഷനാണ് (ടിസിടി) ഓൾ വീൽ ഡ്രൈവ് സംവിധാനത്തിന് കരുത്തേകുന്നത്. 0-100 കിമീ/മണിക്കൂർ വേഗം കൈവരിക്കാൻ 5.3 സെക്കൻഡ് മതി. ടോപ് സ്പീഡ് മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തി.  

ഇന്ധനം ലാഭിക്കുന്നതിന് മെഴ്സേഡസിന്റെ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനമായ ‘ഇക്യു ബൂസ്റ്റ്’ സ്റ്റാർട്ടർ ഓൾട്ടർനേറ്റർ നൽകിയിരിക്കുന്നു. ഐഡിൽ സ്പീഡ് നിയന്ത്രിക്കുന്നതിനും ‘ഇക്യു ബൂസ്റ്റ്’ സ്റ്റാർട്ടർ ഓൾട്ടർനേറ്ററിന് കഴിയും. മാത്രമല്ല, 21 ബിഎച്ച്പി അധിക കരുത്തും 250 എൻഎം അധിക ടോർക്കും ഉൽപ്പാദിപ്പിക്കും. എനർജി റിക്കവറി, ലോഡ് പോയന്റ് ഷിഫ്റ്റിംഗ്, ഗ്ലൈഡിംഗ്‌ മോഡ്, സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടി സുഗമമായ എൻജിൻ റീസ്റ്റാർട്ടിംഗ്‌ എന്നീ ഹൈബ്രിഡ് സേവനങ്ങളും ഇക്യു ബൂസ്റ്റ് നൽകും.

സാധാരണ ജിഎൽഇ യിൽനിന്ന് വ്യത്യസ്തമായി എഎംജിയുടെ സവിശേഷ 15 സ്ലാറ്റ് ക്രോം ഗ്രിൽ മുന്നിൽ കാണാം. സിൽവർ ക്രോം ഫിനിഷ് ലഭിച്ചതാണ് മുന്നിലെ സ്പ്ലിറ്റർ. ഭാരം കുറഞ്ഞ 20 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേഡായി നൽകിയിരിക്കുന്നു. 20 മുതൽ 22 ഇഞ്ച് വരെ ഏഴ് റിം വേരിയന്റുകൾ ഓപ്ഷണലായി ലഭിക്കും. 

കാറിനകത്ത്, സീറ്റുകളിൽ ഉൾപ്പെടെ ചുവന്ന നിറ സാന്നിധ്യം കാണാം. കറുത്ത ആർട്ടിക്കോ / ഡൈനാമിക്ക മൈക്രോഫൈബർ തുകൽ സീറ്റുകളിൽ കോൺട്രാസ്റ്റ് എന്ന നിലയിൽ ചുവന്ന തുന്നലുകൾ, മുൻ സീറ്റിന്റെ ബാക്ക്റെസ്റ്റിൽ ‘എഎംജി’ ബാഡ്ജ്, ഇൻസ്ട്രുമെന്റ് പാനലിന്റെ മുകൾ ഭാഗത്ത് ആർട്ടിക്കോ തുകൽ എന്നിവ നൽകി. കറുത്ത റൂഫ് ലൈനർ മറ്റൊരു സവിശേഷതയാണ്.