Top Spec

The Top-Spec Automotive Web Portal in Malayalam

സൈഡ് വോക് എഡിഷനിൽ മിനി കൺവെർട്ടിബിൾ

—  ഇന്ത്യ എക്സ് ഷോറൂം വില 44.90 ലക്ഷം രൂപ  
—  പതിനഞ്ച് യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയിൽ വിൽക്കുന്നത്  
—  പൂർണമായും നിർമിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്  
—  ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ബുക്കിംഗ് നടത്താം  
—  ആകർഷകമായ ‘ഡീപ്പ് ലഗുണ മെറ്റാലിക്’ നിറം നൽകിയിരിക്കുന്നു

മിനി കൺവെർട്ടിബിളിന്റെ ‘സൈഡ് വോക് എഡിഷൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 44.90 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷൻ വേരിയന്റിന് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. ബ്രിട്ടീഷ് ബ്രാൻഡായ മിനിയുടെ ബെസ്റ്റ്സെല്ലിംഗ് കൺവെർട്ടിബിളാണ് മിനി കൺവെർട്ടിബിൾ. പതിനഞ്ച് എണ്ണം മിനി കൺവെർട്ടിബിൾ സൈഡ് വോക് എഡിഷൻ മാത്രമായിരിക്കും ഇന്ത്യയിൽ വിൽക്കുന്നത്. പൂർണമായും നിർമിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി). ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് ബുക്കിംഗ് നടത്താൻ അവസരം. 2007 ൽ പുറത്തിറക്കിയ ആദ്യ സ്പെഷൽ എഡിഷൻ മോഡൽ അടിസ്ഥാനമാക്കിയാണ് പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് നിർമിച്ചിരിക്കുന്നത്.

‘ഡീപ്പ് ലഗുണ മെറ്റാലിക്’ നിറത്തിലാണ് മിനി കൺവെർട്ടിബിൾ സൈഡ് വോക് എഡിഷൻ വരുന്നത്. സോഫ്റ്റ് ടോപ്പ് റൂഫ് ഇലക്ട്രിക്കലായി ഇരുപത് സെക്കൻഡുകൾക്കുള്ളിൽ തുറക്കാൻ കഴിയും. ബോണറ്റിൽ സവിശേഷ സ്ട്രൈപ്പുകൾ കാണാം. ഭാരം കുറഞ്ഞ 17 ഇഞ്ച് ഡുവൽ ടോൺ അലോയ് വീലുകൾ നൽകിയിരിക്കുന്നു. 

കാറിനകത്ത്, ‘മിനി യുവേഴ്സ്’ പാക്ക് ലെതർ ലൗഞ്ചിന്റെ ഭാഗമായി ആന്ത്രസൈറ്റ് നിറമുള്ള തുകൽ സീറ്റുകൾ നൽകി. ഡാർക്ക് പെട്രോൾ നിറത്തിൽ പൈപ്പിംഗ്, ‘എനർജറ്റിക് യെല്ലോ’ അലങ്കാര തുന്നലുകൾ എന്നിവയുള്ളതാണ് തുകൽ സീറ്റുകൾ. പെട്രോൾ നിറം നൽകിയതാണ് ഡോർ ട്രിം. തുകൽ പൊതിഞ്ഞ മൾട്ടി ഫംഗ്ഷൻ സ്പോർട്ട് സ്റ്റിയറിംഗ് വളയത്തിൽ സൈഡ് വോക് ലോഗോ കാണാം.

  

ട്വിൻപവർ ടർബോ സാങ്കേതികവിദ്യയോടെ 2.0 ലിറ്റർ, 4 സിലിണ്ടർ എൻജിനാണ് മിനി കൺവെർട്ടിബിൾ സൈഡ് വോക് എഡിഷന് കരുത്തേകുന്നത്. ഈ മോട്ടോർ 189 ബിഎച്ച്പി പരമാവധി കരുത്തും 280 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനുമായി 7 സ്പീഡ് ‘സ്റ്റെപ്പ്ട്രോണിക് സ്പോർട്ട്’ ട്രാൻസ്മിഷൻ ചേർത്തുവെച്ചു. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 7.1 സെക്കൻഡ് മതി. ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 230 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിവിധ ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്. 

 

മുന്നിൽ ഇരട്ട എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയന്റ് സീറ്റ് ബെൽറ്റുകൾ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ക്രാഷ് സെൻസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റൺ ഫ്ലാറ്റ് ഇൻഡിക്കേറ്റർ എന്നിവ മിനി കൺവെർട്ടിബിൾ സൈഡ് വോക് എഡിഷന്റെ സുരക്ഷാ ഫീച്ചറുകളാണ്.