Top Spec

The Top-Spec Automotive Web Portal in Malayalam

എംജി ഗ്ലോസ്റ്റര്‍ പ്രയാണമാരംഭിച്ചു

— 28.98 ലക്ഷം രൂപ മുതലാണ് ഫുള്‍ സൈസ് പ്രീമിയം എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

— സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നീ നാല് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും ലഭിക്കും

ഗ്ലോസ്റ്റര്‍ എന്ന പുതിയ ഫുള്‍ സൈസ് പ്രീമിയം എസ്‌യുവിയുടെ വില എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 28.98 ലക്ഷം മുതല്‍ 35.38 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഒക്ടോബര്‍ 31 വരെയുള്ള പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് വര്‍ധിപ്പിച്ചേക്കും. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നീ നാല് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എംജി ഗ്ലോസ്റ്റര്‍ ലഭിക്കും. അഗേറ്റ് റെഡ്, മെറ്റല്‍ ബ്ലാക്ക്, മെറ്റല്‍ ആഷ്, വാം വൈറ്റ് എന്നീ നാല് നിറഭേദങ്ങളില്‍ എംജി ഗ്ലോസ്റ്റര്‍ ലഭിക്കും.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, ക്രോം ഗ്രില്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റുകള്‍ എന്നിവ സവിശേഷതകളാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഐ-സ്മാര്‍ട്ട് 2.0 കണക്റ്റിവിറ്റി സംവിധാനം, തവിട്ടുനിറത്തിലുള്ള ഇന്റീരിയര്‍ തീം, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍, എട്ട് ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (എംഐഡി), 64 നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്രൈവ് മോഡുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ് എന്നിവയാണ് അകത്തെ ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍ (മുന്നില്‍, സൈഡ്, കര്‍ട്ടന്‍), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ടിസിഎസ്), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ), ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ (എച്ച്ഡിസി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സ്പീഡ് അലര്‍ട്ട് സിസ്റ്റം, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, ഡ്രൈവര്‍ ക്ഷീണിക്കുമ്പോള്‍ റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഡോര്‍ ലോക്ക്, ഡ്രൈവര്‍ക്കും കോ-പാസഞ്ചറിനും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലേന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഫ്രണ്ട് കൊളീഷന്‍ വാണിംഗ് എന്നീ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) നല്‍കിയിരിക്കുന്നു.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത്. ഒരു ടര്‍ബോചാര്‍ജര്‍ മാത്രമുള്ള വകഭേദം 160 ബിഎച്ച്പി പരമാവധി കരുത്തും 375 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ 215 ബിഎച്ച്പി പരമാവധി കരുത്തും 480 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധമാണ് ഇരട്ട ടര്‍ബോ വേര്‍ഷന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.

വേരിയന്റ് വില

സൂപ്പര്‍, സിംഗിള്‍ ടര്‍ബോ, 7 സീറ്റര്‍……….. 28.98 ലക്ഷം രൂപ

സ്മാര്‍ട്ട്, സിംഗിള്‍ ടര്‍ബോ, 7 സീറ്റര്‍……….. 30.98 ലക്ഷം രൂപ

ഷാര്‍പ്പ്, ട്വിന്‍ ടര്‍ബോ, 7 സീറ്റര്‍……… 33.68 ലക്ഷം രൂപ

ഷാര്‍പ്പ്, ട്വിന്‍ ടര്‍ബോ, 6 സീറ്റര്‍………. 33.98 ലക്ഷം രൂപ

സാവി, ട്വിന്‍ ടര്‍ബോ, 6 സീറ്റര്‍………. 35.38 ലക്ഷം രൂപ