Top Spec

The Top-Spec Automotive Web Portal in Malayalam

ഞെട്ടിപ്പിക്കുന്ന വിലക്കുറവിൽ ബിഎംഡബ്ല്യു ജി 310 ഇരട്ടകൾ

— പരിഷ്കരിച്ച ജി 310 ആർ, ജി 310 ജിഎസ് ബൈക്കുകൾ വിപണിയിൽ. യഥാക്രമം 2.45 ലക്ഷം രൂപയും 2.85 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില 

— ബിഎസ് 6 എൻജിനുമായാണ് ബൈക്കുകൾ വിപണിയിലെത്തുന്നത്. സ്റ്റൈലിംഗ് പരിഷ്കാരങ്ങൾ, പുതിയ നിറങ്ങൾ എന്നിവയും നൽകി 

— ബിഎസ് 4 പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ജി 310 ആർ മോഡലിന് 54,000 രൂപയും ജി 310 ജിഎസ് മോട്ടോർസൈക്കിളിന് 64,000 രൂപയും കുറഞ്ഞു 

പരിഷ്കരിച്ച ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. യഥാക്രമം 2.45 ലക്ഷം രൂപയും 2.85 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഓൺലൈനിലും ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലും ബുക്കിംഗ് നടത്താം. 50,000 രൂപയാണ് ബുക്കിംഗ് തുക.  

ഭാരത് സ്റ്റേജ് 6 (ബിഎസ് 6) എൻജിനുമായാണ് രണ്ട് ബൈക്കുകളും ഇപ്പോൾ വിപണിയിലെത്തുന്നത്. കൂടാതെ സ്റ്റൈലിംഗ്, പുതിയ നിറങ്ങൾ എന്നിങ്ങനെ ചെറിയ ചില സൗന്ദര്യവർദ്ധക പരിഷ്കാരങ്ങളും വരുത്തി. ബിഎസ് 4 മോഡലുകളേക്കാൾ ശ്രദ്ധേയമായ വിലക്കുറവിലാണ് ബിഎസ് 6 പതിപ്പുകൾ വരുന്നത് എന്നതാണ് പ്രത്യേകത. ജി 310 ആർ മോഡലിന് 54,000 രൂപയും ജി 310 ജിഎസ് മോട്ടോർസൈക്കിളിന് 64,000 രൂപയുമാണ് കുറഞ്ഞത്. 

 

ബിഎസ് 6 പാലിക്കുന്ന 313 സിസി എൻജിനാണ് രണ്ട് ബൈക്കുകൾക്കും കരുത്തേകുന്നത്. ഈ മോട്ടോർ 9,500 ആർപിഎമ്മിൽ 33 ബിഎച്ച്പി പരമാവധി കരുത്തും 7,500 ആർപിഎമ്മിൽ 28 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. സ്റ്റാൻഡേഡായി സ്ലിപ്പർ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയർബോക്സ് നൽകി. റൈഡ് ബൈ വയർ സാങ്കേതികവിദ്യ രണ്ട് ബൈക്കുകളിലും ഇപ്പോൾ സ്റ്റാൻഡേഡ് ഫീച്ചറാണ്.  

കുറുകെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പ് സഹിതം പുതിയ ഹെഡ്ലൈറ്റ് ഇരു ബൈക്കുകളിലും കാണാം. 

ഇന്ധന ടാങ്കിലെ ‘ജിഎസ്’ എഴുത്ത് ഇപ്പോൾ കൂടുതൽ വലുതാണ്. മുന്നിലെ അഡ്വഞ്ചർ സ്റ്റൈൽ ബീക്കിൽ ‘റാലി’ സ്റ്റിക്കർ പതിച്ചു. കറുപ്പ് അടിസ്ഥാന നിറമായി മോട്ടോർസൈക്കിളിന് പുതിയ ‘റാലി’ കളർ സ്കീം നൽകിയിരിക്കുന്നു. നീല, വെള്ളി, ചുവപ്പ് എന്നീ നിറങ്ങളാണ് കറുപ്പിന്റെ കൂടെ കാണുന്നത്. രണ്ട് പുതിയ കളർ ഓപ്ഷനുകൾ കൂടി ബിഎംഡബ്ല്യു മോട്ടോറാഡ് വാഗ്ദാനം ചെയ്യുന്നു. 

പുതിയ ഹെഡ്ലൈറ്റ്, പരിഷ്കരിച്ച ഗ്രാഫിക്സ് എന്നിവ നൽകിയതോടെ ജി 310 ആർ ഇപ്പോൾ കൂടുതൽ സ്പോർട്ടിയാണ്. ചുവന്ന അലോയ് വീലുകൾ മോട്ടോർസൈക്കിളിന് സ്പോർട്ടി റോഡ്സ്റ്റർ ലുക്ക് നൽകുന്നു. ‘സ്റ്റൈൽ സ്പോർട്ട്’ എന്നാണ് പുതിയ കളർ സ്കീമിന് നൽകിയ പേര്.  

രണ്ട് ബൈക്കുകൾക്കും മൂന്ന് വർഷം അൺലിമിറ്റഡ് കിലോമീറ്റർ അടിസ്ഥാന വാറന്റി ലഭിക്കും. 16,250 രൂപ നൽകിയാൽ നാലും അഞ്ചും വർഷത്തേക്ക് വാറന്റി ദീർഘിപ്പിക്കാം.