Top Spec

The Top-Spec Automotive Web Portal in Malayalam

ഗരിമയോടെ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

— 220ഡി സ്പോർട്ട് ലൈൻ, 220ഡി എം സ്പോർട്ട് എന്നീ വേരിയന്റുകളിൽ ലഭിക്കും. യഥാക്രമം 39.30 ലക്ഷം രൂപയും 41.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം പ്രാരംഭ വില 
ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക 

— 4 ഡോർ കൂപ്പെയാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ. 2019 ഒക്ടോബറിലാണ് ബിഎംഡബ്ല്യു 2 സീരീസിന്റെ പ്രഥമ ഗ്രാൻ കൂപ്പെ വേരിയന്റ് ആഗോളതലത്തിൽ അനാവരണം ചെയ്തത് 

— 2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ ഡീസൽ എൻജിൻ കരുത്തേകും 

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 220ഡി സ്പോർട്ട് ലൈൻ, 220ഡി എം സ്പോർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ ലഭിക്കും. യഥാക്രമം 39.30 ലക്ഷം രൂപയും 41.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം പ്രാരംഭ വില. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക. 

നാല് ഡോറുകളോടുകൂടിയ 4 ഡോർ കൂപ്പെയാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ. 2019 ഒക്ടോബറിലാണ് ബിഎംഡബ്ല്യു 2 സീരീസിന്റെ പ്രഥമ ഗ്രാൻ കൂപ്പെ വേരിയന്റ് ആഗോളതലത്തിൽ അനാവരണം ചെയ്തത്. ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കും. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന പന്ത്രണ്ടാമത്തെ ഉൽപ്പന്നമാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ.

  

2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ ഡീസൽ എൻജിനിൽ മാത്രമായിരിക്കും ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ലഭിക്കുന്നത്. 187 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും പുറപ്പെടുവിക്കുംവിധം ഈ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നു. 1,750 നും 2,500 നുമിടയിൽ ആർപിഎമ്മിൽ 400 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്ക് ലഭിക്കും. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ഘടിപ്പിച്ചു. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 7.5 സെക്കൻഡ് മതി. പെട്രോൾ വകഭേദം പിന്നീട് അവതരിപ്പിച്ചേക്കും.

സവിശേഷ കിഡ്നി ഗ്രിൽ ഡിസൈൻ, എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഡുവൽ ടോൺ അലോയ് വീലുകൾ എന്നിവ സവിശേഷതകളാണ്. ഫ്രെയിം ഇല്ലാത്ത ഡോറുകൾ, 8.8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ (എംഐഡി), 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഡുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ജെസ്ചർ കൺട്രോൾ, ക്രൂസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ എന്നിവ അകത്തെ ഫീച്ചറുകളാണ്. ലോഞ്ച് കൺട്രോൾ, ഡ്രൈവിംഗ് മോഡുകൾ, റിവേഴ്സ് അസിസ്റ്റ് തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.