Top Spec

The Top-Spec Automotive Web Portal in Malayalam

ആവേശം നിറയ്ക്കാൻ വെസ്പ റേസിംഗ് സിക്സ്റ്റീസ്

125 സിസി, 150 സിസി എന്നീ രണ്ട് ഡിസ്പ്ലേസ്മെന്റ് ഓപ്ഷനുകളിൽ ലഭിക്കും. യഥാക്രമം 1.20 ലക്ഷം രൂപയും 1.32 ലക്ഷം രൂപയുമാണ് പുണെ എക്സ് ഷോറൂം വില 

വെസ്പ റേസിംഗ് സിക്സ്റ്റീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതായി പിയാജിയോ ഇന്ത്യ പ്രഖ്യാപിച്ചു. വെസ്പ എസ്എക്സ്എൽ അടിസ്ഥാനമാക്കി നിർമിച്ച വെസ്പ റേസിംഗ് സിക്സ്റ്റീസ് രണ്ട് ഡിസ്പ്ലേസ്മെന്റ് ഓപ്ഷനുകളിൽ ലഭിക്കും. 125 സിസി, 150 സിസി എന്നിവയാണ് രണ്ട് ഓപ്ഷനുകൾ. യഥാക്രമം 1.20 ലക്ഷം രൂപയും 1.32 ലക്ഷം രൂപയുമാണ് പുണെ എക്സ് ഷോറൂം വില.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ വെസ്പ റേസിംഗ് സിക്സ്റ്റീസ് പ്രദർശിപ്പിച്ചിരുന്നു. 1960 മുതലുള്ള റേസിംഗ് ലിവറികളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രത്യേക പെയിന്റ് ജോബ് നിർവഹിച്ചിരിക്കുന്നത്. വെളുത്ത പെയിന്റ് കൂടാതെ മുന്നിലെ ഫെൻഡർ, ഏപ്രൺ, ഹാൻഡിൽബാർ കൗൾ, വശങ്ങളിലെ പാനൽ എന്നിവിടങ്ങളിൽ ചുവന്ന റേസിംഗ് സ്ട്രൈപ്പുകൾ നൽകിയിരിക്കുന്നു. സ്വർണ നിറത്തിലുള്ള അലോയ് വീലുകൾ കൂടി നൽകിയതോടെ സ്കൂട്ടർ കൂടുതൽ മനോഹരമായി. 

നേരത്തെ പറഞ്ഞതുപോലെ, രണ്ട് എൻജിൻ ഓപ്ഷനുകളിൽ വെസ്പ റേസിംഗ് സിക്സ്റ്റീസ് ലഭിക്കും. 149 സിസി, 3 വാൽവ്, എയർ കൂൾഡ്, ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിനാണ് 150 വേരിയന്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോർ 7,600 ആർപിഎമ്മിൽ 10.2 ബിഎച്ച്പി പരമാവധി കരുത്തും 5,500 ആർപിഎമ്മിൽ 10.6 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 9.7 ബിഎച്ച്പി കരുത്തും 9.6 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നതാണ് 125 സിസി, 3 വാൽവ് എൻജിൻ.  

എൽഇഡി ഹെഡ്ലാംപ്, പകുതി ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ലിറ്റർ ഇന്ധന ടാങ്ക്, മുന്നിൽ സ്റ്റോറേജ് പോക്കറ്റുകൾ എന്നിവ സവിശേഷതകളാണ്. മുന്നിൽ 11 ഇഞ്ച് വ്യാസമുള്ള ചക്രവും പിന്നിൽ 10 ഇഞ്ച് ചക്രവും നൽകിയിരിക്കുന്നു. മുന്നിൽ സിംഗിൾ സൈഡ് ലിങ്ക് ടൈപ്പ് സസ്പെൻഷനും പിന്നിൽ മോണോഷോക്കും നൽകി. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ഉപയോഗിക്കുന്നു.