Top Spec

The Top-Spec Automotive Web Portal in Malayalam

വാർഷിക പതിപ്പിൽ എംജി ഹെക്ടർ

‘സൂപ്പർ’ വേരിയന്റിൽ മാത്രമായിരിക്കും ലഭിക്കുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് യഥാക്രമം 13.63 ലക്ഷം, 14.99 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില

എംജി ഹെക്ടർ എസ് യുവിയുടെ സ്പെഷൽ ആനിവേഴ്സറി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ് യുവിയുടെ ‘സൂപ്പർ’ വേരിയന്റിൽ മാത്രമായിരിക്കും പ്രത്യേക വാർഷിക പതിപ്പ് ലഭിക്കുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് യഥാക്രമം 13.63 ലക്ഷം, 14.99 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. 

‘സൂപ്പർ’ വകഭേദത്തിന്റെ അതേ വിലകളാണ് പ്രത്യേക വാർഷിക പതിപ്പിന് നിശ്ചയിച്ചതെങ്കിലും അധിക ഫീച്ചറുകൾ നൽകിയിരിക്കുന്നു. വയർലെസ് മൊബൈൽ ചാർജർ, എയർ പ്യുരിഫൈർ, കാറിനകത്ത് ‘മെഡ്ക്ലിൻ’ സാക്ഷ്യപ്പെടുത്തിയ ആന്റി വൈറസ് ഡിവൈസ് എന്നിവയാണ് ഈ ഫീച്ചറുകൾ. സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ബാഹ്യ രൂപകൽപ്പനയിൽ മാറ്റങ്ങളില്ല. 

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 2.0 ലിറ്റർ ഡീസൽ എൻജിനുമാണ് പവർട്രെയ്ൻ ഓപ്ഷനുകൾ. പെട്രോൾ എൻജിൻ 141 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ മോട്ടോർ പുറപ്പെടുവിക്കുന്നത് 169 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമാണ്. 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് രണ്ട് എൻജിനുകളുടെയും കൂട്ട്.