Top Spec

The Top-Spec Automotive Web Portal in Malayalam

വിശ്വരൂപം കാണിച്ച് രണ്ടാം തലമുറ റോൾസ് റോയ്സ് ഗോസ്റ്റ്

2021 മോഡലായി പുതിയ റോൾസ് റോയ്സ് ഗോസ്റ്റ് അടുത്ത വർഷം വിപണിയിലെത്തും 

റോൾസ് റോയ്സിന്റെ 116 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ മോഡലാണ് ഗോസ്റ്റ്. 2009 ൽ വിപണിയിൽ എത്തിയതു മുതൽ റോൾസ് റോയ്സ് ഗോസ്റ്റ് വിജയവീഥിയിലാണ്. എന്നാൽ ഇപ്പോൾ രണ്ടാം തലമുറ ഗോസ്റ്റ് അനാവരണം ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് ആഡംബര ബ്രാൻഡ്. 2021 മോഡലായി പുതിയ റോൾസ് റോയ്സ് ഗോസ്റ്റ് അടുത്ത വർഷം വിപണിയിലെത്തും.

നിലവിലെ സീരീസ് 2 തലമുറ മോഡലിന്റെ അതേ ഛായാരൂപം നിലനിർത്തിയാണ് പുതിയ ഗോസ്റ്റ് വരുന്നത്. ഡിസൈനർമാരുടെ തീരുമാനം അത്തരത്തിലായിരുന്നു. അതേസമയം ചില പുതിയകാല അനിവാര്യതകളും സാങ്കേതികവിദ്യകളും നൽകി. പുതിയ ചട്ടക്കൂട്, വലിയ വി12 എൻജിൻ എന്നിവ ഇതിലുൾപ്പെടുന്നു. ഡോറിലെ കുടകൾ ഒഴികെ എല്ലാ പാനലുകളും ‘സ്പിരിറ്റ് ഓഫ് എക്സ്റ്റസി’ യും പുതു തലമുറ മോഡലിനുവേണ്ടി പുനർനിർമിച്ചതായി റോൾസ് റോയ്സ് അവകാശപ്പെട്ടു.

ചാസി ഉൾപ്പെടെ ബിഎംഡബ്ല്യു 7 സീരീസിന്റെ നിരവധി വാഹനഘടകങ്ങൾ സ്വീകരിച്ച മോഡലാണ് വിപണി വിടുന്ന നിലവിലെ റോൾസ് റോയ്സ് ഗോസ്റ്റ്. എന്നാൽ റോൾസ് റോയ്സിന്റെ അലുമിനിയം സ്പേസ്ഫ്രെയിം ചട്ടക്കൂടിലാണ് പുതു തലമുറ റോൾസ് റോയ്സ് ഗോസ്റ്റ് നിർമിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ, നീളം 89 മില്ലിമീറ്ററും (5,546 എംഎം) വീതി 30 മില്ലിമീറ്ററും (2,148 എംഎം) വർധിച്ചു. കളളിനൻ എസ് യുവി, ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം എന്നിവ ഇതേ അലുമിനിയം സ്പേസ്ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. 

 

പുതിയ ഗോസ്റ്റിലെ പുതിയ അസ്ഥികൂടത്തിനുള്ളിൽ 6.75 ലിറ്റർ വി12 എൻജിനാണ് തുടിക്കുന്നത്. സ്പേസ്ഫ്രെയിം ഉപയോഗിച്ചതോടെ നിലവിലെ 6.6 ലിറ്റർ എൻജിൻ ഒഴിവാക്കാൻ തീരുമാനിച്ചു. പുതിയ മോട്ടോർ 563 ബിഎച്ച്പി പരമാവധി കരുത്തും 850 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. കേവലം 1,600 ആർപിഎമ്മിൽ പരമാവധി ടോർക്ക് ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി), ഓൾ വീൽ സ്റ്റിയറിംഗ് (എഡബ്ല്യുഎസ്) എന്നിവ അധിക ഫീച്ചറുകളാണ്. റോൾസ് റോയ്സിന്റെ സവിശേഷ ‘മാജിക് കാർപ്പറ്റ് റൈഡ്’ പ്രതീതി വർധിപ്പിക്കുന്നവിധം പുതുതായി പ്ലേനർ സസ്പെൻഷൻ സിസ്റ്റം (പിഎസ്എസ്) നൽകിയിരിക്കുന്നു.

ഫീച്ചറുകൾ പറഞ്ഞുതുടങ്ങിയാൽ, റോൾസ് റോയ്സ് ഗോസ്റ്റിലെ തനിയെ അടയുന്ന സവിശേഷ ഇലക്ട്രിക് ഡോറുകൾ ഇനിമുതൽ തനിയെ തുറക്കുകയും ചെയ്യും. മാത്രമല്ല, പാന്തിയോൺ ഗ്രിൽ ഇപ്പോൾ തിളങ്ങുന്നതാണ്. റേഡിയേറ്റർ ഗ്രില്ലിന് മുകളിൽ നൽകിയ ഇരുപത് എൽഇഡികളാണ് ഇതിനു കാരണം. കാറിനകത്ത് സ്റ്റാർലൈറ്റ് ഹെഡ്ലൈനർ ഉണ്ടായിരിക്കും. 18 സ്പീക്കറുകളോടുകൂടിയ 1,300 വാട്ട് ‘ബിസ്പോക്ക്’ ഓഡിയോ സിസ്റ്റമാണ് മറ്റൊരു സവിശേഷത.