Top Spec

The Top-Spec Automotive Web Portal in Malayalam

ട്രയംഫ് റോക്കറ്റ് 3 ജിടി ഇന്ത്യയിൽ

ഇന്ത്യ എക്സ് ഷോറൂം വില 18.40 ലക്ഷം രൂപ 

ട്രയംഫ് റോക്കറ്റ് 3 ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പവർ ക്രൂസറിന് 18.40 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന റോക്കറ്റ് 3 ആർ വേരിയന്റിന് 18 ലക്ഷം രൂപയാണ് വില. പുതിയ വേരിയന്റിന് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. സ്റ്റോം ഗ്രേ സഹിതം സിൽവർ ഐസ്, ഫാന്റം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ട്രയംഫ് റോക്കറ്റ് 3 ജിടി ലഭിക്കും. 

ആർ വേരിയന്റ് ഉപയോഗിക്കുന്ന അതേ 2,500 സിസി, ഇൻലൈൻ 3 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ജിടി വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോർ 6,000 ആർപിഎമ്മിൽ 165 ബിഎച്ച്പി പരമാവധി കരുത്തും 4,000 ആർപിഎമ്മിൽ 221 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 

 

കൂടുതൽ ‘അയഞ്ഞ’ എർഗണോമിക്സ് നൽകിയാണ് ജിടി വേരിയന്റ് വിപണിയിലെത്തിക്കുന്നത്. അതായത്, കൂടുതൽ മുന്നിലായി ഘടിപ്പിച്ച ഫൂട്ട് പെഗ്ഗുകൾ, ടൂറിംഗ് സ്റ്റൈൽ ഹാൻഡിൽബാർ എന്നിവ കാണാം. ഉയരമേറിയ വിൻഡ്സ്ക്രീൻ, ക്രമീകരിക്കാവുന്ന പില്യൺ ഫൂട്ട്റെസ്റ്റുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ, പില്യൺ ബാക്ക്റെസ്റ്റ് എന്നിവ സ്റ്റാൻഡേഡ് ഫീച്ചറുകളാണ്. ഇരട്ട എൽഇഡി ഹെഡ്ലാംപുകൾ, ഫുൾ കളർ ടിഎഫ്ടി ഡിസ്പ്ലേ, ക്രോപ്പ് ചെയ്ത റിയർ ഫെൻഡർ, ചെരിച്ചു മുറിച്ചതുപോലെ എക്സോസ്റ്റുകൾ, സിംഗിൾ സൈഡ് സ്വിംഗ്ആം എന്നിവയെല്ലാം ആർ വേരിയന്റിൽ നൽകിയതുതന്നെയാണ്.  

നാല് റൈഡിംഗ് മോഡുകൾ (റോഡ്, റെയ്ൻ, സ്പോർട്ട്, റൈഡർ), കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ്, ക്രൂസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയാണ് ട്രയംഫ് റോക്കറ്റ് 3 ജിടി വേരിയന്റിലെ ഇലക്ട്രോണിക്സ്.  

മുന്നിൽ ക്രമീകരിക്കാവുന്ന 47 എംഎം ‘ഷോവ’ ഫോർക്കുകൾ, പിന്നിൽ പിഗ്ഗിബാക്ക് റിസർവോയർ സഹിതം പൂർണമായും ക്രമീകരിക്കാവുന്ന ‘ഷോവ’ മോണോ ഷോക്ക് സസ്പെൻഷൻ എന്നിവ നൽകിയിരിക്കുന്നു. മുൻ ചക്രത്തിൽ 320 എംഎം ഇരട്ട ഡിസ്ക്കുകളും പിൻ ചക്രത്തിൽ 300 എംഎം ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

കൂടുതൽ സുഖസൗകര്യം, പ്രായോഗികത, സുരക്ഷിതത്വം എന്നിവയ്ക്കായി അമ്പതോളം ആക്സസറികളും ലഭിക്കും.