Top Spec

The Top-Spec Automotive Web Portal in Malayalam

ഏഥര്‍ എനർജി കൊച്ചിയിലേക്ക്

ഏഥര്‍ 450 എക്‌സ് നവംബറില്‍ കൊച്ചിയിലെത്തും

ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്, ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി കേരള വിപണിയിൽ പ്രവേശിക്കുന്നു. ‘ഏഥര്‍ 450 എക്‌സ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ നവംബറില്‍ കൊച്ചിയിലെത്തും. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി, ഇന്റലിജന്റ് ഫങ്ഷണാലിറ്റി എന്നിവയാണ് ഏഥറിന്റെ പ്രത്യേകതകള്‍.

പ്ലസ്, പ്രോ എന്നീ രണ്ട് പെര്‍ഫോമന്‍സ് പാക്കുകളിലാണ് ഏഥര്‍ 450 എക്‌സ് ലഭിക്കുന്നത്. 2.9 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ റൈഡ് മോഡില്‍ 75 കിലോമീറ്ററും ഇക്കോ മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാം. പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് (പിഎംഎസ്) മോട്ടോര്‍ 6 കിലോവാട്ട് പരമാവധി കരുത്തും 26 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-40 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 3.3 സെക്കന്‍ഡ് മതി. ഇക്കോ, റൈഡ്, വാര്‍പ്പ് എന്നിവയാണ് മൂന്ന് റൈഡിംഗ് മോഡുകള്‍. 

നിരവധി പരീക്ഷണ ഓട്ടങ്ങളിലൂടെ സ്കൂട്ടറിന്റെ പ്രകടനക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടർ ചാര്‍ജ് ചെയ്യുന്നതിനായി ‘ഏഥർ ഗ്രിഡ്’ അതിവേഗ ചാര്‍ജിംഗ് ശൃംഖല ഉണ്ടായിരിക്കും. ഒന്നാം ഘട്ടമെന്ന നിലയില്‍ 10-15 ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

 കൊവിഡ് മഹാമാരിയെതുടര്‍ന്നാണ് പുതിയ സ്‌കൂട്ടര്‍ വൈകിയതെന്ന് ഏഥര്‍ എനര്‍ജി സഹ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായാണ് ഏഥർ എനർജി പ്രവര്‍ത്തിക്കുന്നത്.