Top Spec

The Top-Spec Automotive Web Portal in Malayalam

2021, ബിഎസ് 6 കവസാക്കി ഇസഡ്900 വിപണിയിൽ

എക്സ് ഷോറൂം വില 7.99 ലക്ഷം രൂപ

ഭാരത് സ്റ്റേജ് 6 (ബിഎസ് 6) പാലിക്കുന്ന 2021 മോഡൽ കവസാക്കി ഇസഡ്900 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപയാണ് നേക്കഡ് റോഡ്സ്റ്റർ മോഡലിന് എക്സ് ഷോറൂം വില. രാജ്യത്തെ അംഗീകൃത കവസാക്കി ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചു. ബിഎസ് 4 പാലിച്ചിരുന്ന മോഡലിന് 7.69 ലക്ഷം രൂപയായിരുന്നു വില. 

എൽഇഡി ഹെഡ്ലാംപ്, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ലഭിച്ചതോടെ അഗ്രസീവ് മുഖഭാവത്തോടെയാണ് പുതിയ ഇസഡ്900 വരുന്നത്. എൽഇഡി ടെയ്ൽലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും സ്റ്റാൻഡേഡായി നൽകി. കവസാക്കിയുടെ റൈഡോളജി ആപ്പ് ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാൻ കഴിയുന്ന 4.3 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി (തിൻ ഫിലിം ട്രാൻസിസ്റ്റർ) ഡിസ്പ്ലേയാണ് മറ്റൊരു പുതിയ സവിശേഷത.

948 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്നത് തുടരുന്നു. എന്നാൽ ബിഎസ് 6 എൻജിന്റെ കരുത്തും ടോർക്കും എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 123 ബിഎച്ച്പി കരുത്തും 98.6 എൻഎം ടോർക്കുമാണ് ബിഎസ് 4 എൻജിൻ പുറപ്പെടുവിച്ചിരുന്നത്.

മുന്നിൽ യുഎസ്ഡി (അപ്സൈഡ് ഡൗൺ) ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ ജോലികൾ നിർവഹിക്കുന്നത്. സസ്പെൻഷൻ സംവിധാനം ഏറെ മെച്ചപ്പെടുത്തിയതായി കവസാക്കി അവകാശപ്പെട്ടു. മുൻ ചക്രത്തിൽ ഇരട്ട ഡിസ്ക്കുകളും പിൻ ചക്രത്തിൽ ഒരു ഡിസ്ക്കുമാണ് ബ്രേക്കിംഗ്‌ കൈകാര്യം ചെയ്യുന്നത്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, രണ്ട് പവർ മോഡുകൾ, നാല് റൈഡിംഗ് മോഡുകൾ എന്നിവ സവിശേഷതകളാണ്. ഡൺലപ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകളിലാണ് കവസാക്കി ഇസഡ്900 ഓടുന്നത്.