Top Spec

The Top-Spec Automotive Web Portal in Malayalam

വിപണി പിടിക്കാൻ എംജി ഗ്ലോസ്റ്റർ തയ്യാർ

ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക 

ഇന്ത്യയിലെ ഫുൾ സൈസ് പ്രീമിയം എസ് യുവി സെഗ്മെന്റിൽ പുതിയ താരോദയത്തിന് അരങ്ങൊരുങ്ങി. എംജി ഗ്ലോസ്റ്റർ അനാവരണം ചെയ്തു. ലെവൽ ഒന്ന് ഓട്ടോണമസ് സവിശേഷതയോടെ വരുന്ന ഇന്ത്യയിലെ ആദ്യ പ്രീമിയം എസ് യുവി എന്നാണ് പുതിയ ഉൽപ്പന്നത്തെ മോറിസ് ഗാരേജസ് (എംജി) വിശേഷിപ്പിക്കുന്നത്. എഴുപതിലധികം കണക്റ്റഡ് ഫീച്ചറുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. അഗേറ്റ് റെഡ്, മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ്, വാം വൈറ്റ് എന്നീ നാല് നിറഭേദങ്ങളിൽ എംജി ഗ്ലോസ്റ്റർ ലഭിക്കും. 

എംജി ഗ്ലോസ്റ്ററിന്റെ സാങ്കേതിക സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും മറ്റ് വിശദാംശങ്ങളുമാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടത്. ഉൽസവ സീസണിൽ (നവരാത്രി ആരംഭം മുതൽ ദീപാവലി വരെ) പ്രീമിയം എസ് യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഹെക്ടർ, ഹെക്ടർ പ്ലസ്, വൈദ്യുത വാഹനമായ സെഡ്എസ് ഇവി എന്നിവ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റർ. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ, മഹീന്ദ്ര അൽട്ടുറാസ് ജി4 എന്നിവയാണ് എതിരാളികൾ. എംജി ഗ്ലോസ്റ്റർ എസ് യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,985 എംഎം, 1,926 എംഎം, 1,867 എംഎം എന്നിങ്ങനെയാണ്. 2,950 മില്ലിമീറ്ററാണ് വീൽബേസ്.  

അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഫ്രണ്ട് കൊളീഷൻ വാണിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ എന്നീ ഫീച്ചറുകൾ ഉൾപ്പെടുന്ന ‘അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം’ എംജി ഗ്ലോസ്റ്ററിന്റെ സവിശേഷതയാണ്.

പൂർണമായും എൽഇഡി ലൈറ്റിംഗ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പഡിൽ ലാംപുകളോടുകൂടി പുറത്തെ റിയർ വ്യൂ കണ്ണാടികൾ, ക്രോം ഫിനിഷ് നൽകിയ ഇരട്ട എക്സോസ്റ്റ് പൈപ്പുകൾ, 360 ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ഹെഡ്ലാംപുകൾ, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർ വ്യൂ കണ്ണാടികൾ (മെമ്മറി ഫംഗ്ഷൻ സഹിതം) എന്നിവ പുറത്തെ വിശേഷങ്ങളാണ്.  

ഓട്ടോ ഹോൾഡ് സഹിതം ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റിയർ ഡീഫോഗർ, വജ്രാകൃതിയിൽ തുന്നലുകളോടെ തവിട്ടു നിറത്തിലുള്ള ഇന്റീരിയർ തീം, തുകൽ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 12.3 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, 71 ഫീച്ചറുകളോടെ ഐസ്മാർട്ട് കണക്റ്റിവിറ്റി, 8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, 64 നിറങ്ങളിൽ ആംബിയന്റ് ലൈറ്റിംഗ്, ഇരട്ട ചില്ലുകളോടെ പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 12 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് (പവേർഡ്), 8 തരത്തിൽ ക്രമീകരിക്കാവുന്ന മുന്നിലെ പാസഞ്ചർ സീറ്റ് (പവേർഡ്), മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവ് മോഡുകൾ (ഓട്ടോ, ഇക്കോ, സ്പോർട്ട്, മഡ്, സാൻഡ്, റോക്ക്, സ്നോ), വയർലെസ് ചാർജിംഗ്‌, ടിൽറ്റ് & ടെലിസ്കോപിക് സ്റ്റിയറിംഗ്, സ്റ്റോറേജ് സഹിതം മുന്നിൽ ആം റെസ്റ്റ്, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ, രണ്ടാം നിരയിൽ ആം റെസ്റ്റ്, പവേർഡ് ടെയ്ൽ ഗേറ്റ് എന്നിവ അകത്തെ ഫീച്ചറുകളാണ്.  

2.0 ലിറ്റർ, ഇരട്ട ടർബോ, ഡീസൽ എൻജിനായിരിക്കും എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത്. ഒരു പവർട്രെയ്ൻ ഓപ്ഷൻ മാത്രം. ഈ മോട്ടോർ 4,000 ആർപിഎമ്മിൽ 215 ബിഎച്ച്പി പരമാവധി കരുത്തും 1,500 നും 2,400 നുമിടയിൽ ആർപിഎമ്മിൽ 480 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു. ടെറെയ്ൻ സെലക്ഷൻ സംവിധാനത്തോടുകൂടിയ 4 വീൽ ഡ്രൈവ് സിസ്റ്റം സവിശേഷതയാണ്.  

ആറ് എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് കാമറ, ഡ്രൈവർ ക്ഷീണിക്കുമ്പോൾ റിമൈൻഡർ, സ്പീഡ് സെൻസിംഗ് ഓട്ടോമാറ്റിക് ഡോർ ലോക്ക്, സ്പീഡ് അലർട്ട് സിസ്റ്റം, ഡ്രൈവർക്കും മുൻ സീറ്റ് യാത്രക്കാരനും സീറ്റ്ബെൽറ്റ് റിമൈൻഡർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), ഹിൽ ഡിസെന്റ് കൺട്രോൾ (എച്ച്ഡിസി), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.