Top Spec

The Top-Spec Automotive Web Portal in Malayalam

ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു

കരാർ അടിസ്ഥാനത്തിൽ ഡീലർഷിപ്പുകൾ തുടർന്നും പ്രവർത്തിക്കും

ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കാൻ അമേരിക്കൻ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തീരുമാനിച്ചു. ആഗോളതലത്തിൽ നടപ്പാക്കുന്ന പുനഃസംഘടനയുടെ ഭാഗമായാണ് കമ്പനി ഇന്ത്യൻ വിപണി വിടുന്നത്. ഹാർലി ഡേവിഡ്സൺ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മുപ്പത് ശതമാനത്തോളം കുറവ് വരുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യൻ വിപണി വിടുന്നതിന്റെ ഭാഗമായി ഹരിയാണയിലെ ബവാലിൽ പ്രവർത്തിക്കുന്ന പ്ലാന്റ് അടച്ചുപൂട്ടും. മാത്രമല്ല, ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കും. കൂടാതെ, ഗുരുഗ്രാമിലെ സെയിൽസ് ഓഫീസിന്റെ ശേഷി കുറയ്ക്കും. അതേസമയം, ഉപയോക്താക്കളുടെ സൗകര്യാർത്ഥം കരാർ അടിസ്ഥാനത്തിൽ ഡീലർ ശൃംഖല തുടർന്നും പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

‘ദ റീവയർ’ എന്ന പേരിലാണ് ആഗോളതലത്തിൽ ഹാർലി ഡേവിഡ്സൺ പുനഃസംഘടന നടപ്പാക്കുന്നത്. ഇതിനായി ഈ വർഷം 169 ദശലക്ഷം യുഎസ് ഡോളറിന്റെ ചെലവ് വരും. ആഗോളതലത്തിൽ അഞ്ഞൂറോളം തസ്തികകൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയിലെ അസംബ്ലി പ്ലാന്റിലെ ചില തൊഴിലാളികളെ ഇതിനകം പിരിച്ചുവിട്ടതായി പറയപ്പെടുന്നു.  

യുഎസ് ബൈക്ക് നിർമാതാക്കളുടെ ഇന്ത്യയിലെ വിൽപ്പനയിൽ ഈയിടെയായി ഇടിവ് സംഭവിക്കുന്നതാണ് കണ്ടത്. ഇന്ത്യയിൽ 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ സാമ്പത്തിക പാദത്തിൽ 106 യൂണിറ്റ് ബൈക്കുകൾ മാത്രമാണ് വിറ്റത്. 87 ശതമാനത്തിന്റെ ഇടിവ്! അതേസമയം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 40 ശതമാനത്തോളം കുറഞ്ഞു. 229 യൂണിറ്റ് ബൈക്കുകൾ മാത്രമാണ് കയറ്റി അയച്ചത്.