Top Spec

The Top-Spec Automotive Web Portal in Malayalam

ജർമൻ പ്രൗഢിയോടെ ബിഎംഡബ്ല്യു ആർ18

സ്റ്റാൻഡേഡ്, ഫസ്റ്റ് എഡിഷൻ എന്നീ വേരിയന്റുകളിൽ ക്രൂസർ ലഭിക്കും. യഥാക്രമം 18.90 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് ഡെൽഹി എക്സ് ഷോറൂം വില

ബിഎംഡബ്ല്യു ആർ18 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേഡ്, ഫസ്റ്റ് എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിൽ ക്രൂസർ മോട്ടോർസൈക്കിൾ ലഭിക്കും. യഥാക്രമം 18.90 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് ഡെൽഹി എക്സ് ഷോറൂം വില. ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ ബ്രാൻഡുകളുടെ ക്രൂസർ മോഡലുകളാണ് എതിരാളികൾ. ഡുകാറ്റി ഡിയാവെൽ 1260, ട്രയംഫ് റോക്കറ്റ് 3 ജിടി എന്നീ ബൈക്കുകളുമായും ബിഎംഡബ്ല്യു ആർ18 കൊമ്പുകോർക്കും.

1965 ബിഎംഡബ്ല്യു ആർ5 മോട്ടോർസൈക്കിളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രൂപകൽപ്പന ചെയ്ത മഷീനാണ് പുതിയ ബിഎംഡബ്ല്യു ആർ18. നീളമേറിയ വീൽബേസ്, ലോ പ്രൊഫൈൽ എന്നിവ ലഭിച്ചതോടെ ലക്ഷണമൊത്ത ക്രൂസറായി മാറി. ക്രോം ചുറ്റോടുകൂടിയ വൃത്താകൃതിയുള്ള ഹെഡ്ലാംപ്, കണ്ണുനീർ തുള്ളിയുടെ ആകൃതിയിൽ ഇന്ധന ടാങ്ക്, ഒരൊറ്റ സീറ്റ്, പിറകിൽ വീതിയേറിയതും മുറിച്ചതുമായ ഫെൻഡർ എന്നിവ മോട്ടോർസൈക്കിളിന് റെട്രോ സ്വഭാവം നൽകുന്നു. തടിച്ചതും ക്രോം ഫിനിഷ് നൽകിയതുമായ എക്സോസ്റ്റുകൾ ശ്രദ്ധേയമാണ്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹീറ്റഡ് ഗ്രിപ്പുകൾ, കോർണറിംഗ് ലൈറ്റുകൾ തുടങ്ങി അധിക ഫീച്ചറുകൾ നൽകിയതാണ് ഫസ്റ്റ് എഡിഷൻ വേരിയന്റ്.

  

1,802 സിസി, എയർ/ഓയിൽ കൂൾഡ് എൻജിനാണ് ബിഎംഡബ്ല്യു ആർ18 ക്രൂസറിന് കരുത്തേകുന്നത്. ജർമൻ ബൈക്ക് നിർമാതാക്കളുടെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സർ ട്വിൻ എൻജിനാണിത്. ഈ മോട്ടോർ 4,750 ആർപിഎമ്മിൽ 90 എച്ച്പി പരമാവധി കരുത്തും 3,000 ആർപിഎമ്മിൽ 158 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എബിഎസ്, സ്റ്റബിലിറ്റി കൺട്രോൾ, റൈഡിംഗ് മോഡുകൾ (റെയ്ൻ, റോക്ക്, റോൾ) എന്നിവ സ്റ്റാൻഡേഡ് ഫീച്ചറുകളാണ്. ടെലിസ്കോപിക് ഫോർക്കുകളും കാന്റിലിവറുമാണ് സസ്പെൻഷൻ നിർവഹിക്കുന്നത്. മുന്നിൽ ഇരട്ട ഡിസ്ക്കുകളും പിന്നിൽ ഒരു ഡിസ്ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. 345 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ കർബ് വെയ്റ്റ്.