Top Spec

The Top-Spec Automotive Web Portal in Malayalam

എതിരാളികളുടെ നെഞ്ചിടിപ്പേറ്റി കിയ സോണറ്റ്

ഇന്ത്യ എക്സ് ഷോറൂം വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെ  

ഒടുവിൽ കിയ സോണറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാല് മീറ്ററിൽ താഴെ നീളം വരുന്ന എസ് യുവി നേരത്തെ ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വില മാത്രമാണ് അറിയാൻ ബാക്കിയുണ്ടായിരുന്നത്. 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. പ്രാരംഭ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് വർധിപ്പിച്ചേക്കും.

ടെക് ലൈൻ, ജിടി ലൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ കിയ സോണറ്റ് ലഭിക്കും. എട്ട് മോണോ ടോൺ നിറങ്ങളിലും മൂന്ന് ഡുവൽ ടോൺ നിറങ്ങളിലും സബ്കോംപാക്റ്റ് എസ് യുവി ലഭ്യമായിരിക്കും. ഇന്ത്യയിൽ മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യുവി 300 തുടങ്ങി എതിരാളികൾ നിരവധിയാണ്.

ടൈഗർ നോസ് ഗ്രിൽ, പൂർണ എൽഇഡി ഹെഡ്ലാംപുകൾ, പ്രൊജക്റ്റർ ഫോഗ് ലൈറ്റുകൾ, 16 ഇഞ്ച് ഡുവൽ ടോൺ അലോയ് വീലുകൾ, റിയർ ഡിഫ്യൂസർ, എൽഇഡി ടെയ്ൽ ലൈറ്റുകൾ എന്നിവയാണ് പുറത്തെ പ്രധാന സവിശേഷതകൾ.  

10.25 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ‘യുവോ’ കണക്റ്റിവിറ്റി, സൺറൂഫ്, മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, എൽഇഡി സൗണ്ട് മൂഡ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, കൂളിംഗ് ഫംഗ്ഷൻ സഹിതം വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫൈർ എന്നിവയാണ് കാറിനകത്തെ വിശേഷങ്ങൾ.  

ആറ് എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇഎസ് സി), വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ് (വിഎസ്എം), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മൂന്ന് എൻജിൻ ഓപ്ഷനുകളിലും അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും കിയ സോണറ്റ് ലഭിക്കും. 81 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനുമായി 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ചേർത്തുവെച്ചു. 

117 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ 6 സ്പീഡ് ഐഎംടി (ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ), 7 സ്പീഡ് ഡിസിടി (ഡുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എന്നിവയാണ്. 

1.5 ലിറ്റർ ഡീസൽ എൻജിനാണ് മറ്റൊരു ഓപ്ഷൻ. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. മാന്വൽ വേരിയന്റിൽ ഈ എൻജിൻ 97 ബിഎച്ച്പി, 240 എൻഎം എന്നിങ്ങനെയാണ് ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ ഓട്ടോമാറ്റിക് വേരിയന്റിൽ 112 ബിഎച്ച്പി, 250 എൻഎം എന്നിങ്ങനെ പുറപ്പെടുവിക്കും.  

വേരിയന്റ് …………..            വില  

എച്ച്ടിഇ 1.2 പെട്രോൾ എംടി……….6.71 ലക്ഷം രൂപ  

എച്ച്ടിഇ 1.5 ഡീസൽ എംടി………. 8.05 ലക്ഷം രൂപ  

എച്ച്ടികെ 1.2 പെട്രോൾ എംടി………. 7.59 ലക്ഷം രൂപ 

എച്ച്ടികെ 1.5 ഡീസൽ എംടി……….. 8.99 ലക്ഷം രൂപ  

എച്ച്ടികെ പ്ലസ് 1.2 പെട്രോൾ എംടി……….. 8.45 ലക്ഷം രൂപ

എച്ച്ടികെ പ്ലസ് 1.0 പെട്രോൾ ഐഎംടി……….. 9.49 ലക്ഷം രൂപ  

എച്ച്ടികെ പ്ലസ് 1.0 പെട്രോൾ ഡിസിടി………….10.49 ലക്ഷം രൂപ  

എച്ച്ടികെ പ്ലസ് 1.5 ഡീസൽ എംടി………… 9.49 ലക്ഷം രൂപ  

എച്ച്ടികെ പ്ലസ് 1.5 ഡീസൽ എടി…………… 10.39 ലക്ഷം രൂപ  

എച്ച്ടിഎക്സ് 1.0 പെട്രോൾ ഐഎംടി……….. 9.99 ലക്ഷം രൂപ  

എച്ച്ടിഎക്സ് 1.5 ഡീസൽ എംടി………… 9.99 ലക്ഷം രൂപ  

എച്ച്ടിഎക്സ് പ്ലസ് 1.0 പെട്രോൾ ഐഎംടി…………….. 11.65 ലക്ഷം രൂപ 

എച്ച്ടിഎക്സ് പ്ലസ് 1.5 ഡീസൽ എംടി………. 11.65 ലക്ഷം രൂപ  

ജിടിഎക്സ് പ്ലസ് 1.0 പെട്രോൾ ഐഎംടി……….. 11.99 ലക്ഷം രൂപ  

ജിടിഎക്സ് പ്ലസ് 1.5 ഡീസൽ എംടി…………. 11.99 ലക്ഷം രൂപ