Top Spec

The Top-Spec Automotive Web Portal in Malayalam

ടൊയോട്ട അർബൻ ക്രൂസറിന്റെ പടപ്പുറപ്പാട്

ഡെൽഹി എക്സ് ഷോറൂം വില 8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെ  

ഇന്ത്യയിൽ നാല് മീറ്ററിൽ താഴെ നീളം വരുന്ന എസ് യുവികൾക്കിടയിൽ ഒരു അംഗം കൂടി. ടൊയോട്ട അർബൻ ക്രൂസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെയാണ് ഡെൽഹി എക്സ് ഷോറൂം വില. ഡുവൽ ടോൺ ഉൾപ്പെടെ ഒമ്പത് നിറങ്ങളിലും ആറ് വകഭേദങ്ങളിലും ടൊയോട്ട അർബൻ ക്രൂസർ ലഭിക്കും. മാരുതി സുസുകി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പാണ് അഥവാ റീബാഡ്ജ് ചെയ്തതാണ് അർബൻ ക്രൂസർ.

ഇന്ത്യയിൽ ഏറ്റവുമധികം മൽസരം നടക്കുന്ന സെഗ്മെന്റിൽ വിജയം വെട്ടിപ്പിടിക്കാൻ തന്നെയാണ് ജാപ്പനീസ് കാർ നിർമാതാക്കളുടെ പുതിയ മോഡൽ വരുന്നത്. നാല് മീറ്ററിൽ താഴെ നീളം വരുന്ന എസ് യുവി സെഗ്മെന്റിൽ നിരവധി എതിരാളികളോടാണ് ടൊയോട്ട അർബൻ ക്രൂസറിന് മൽസരിച്ച് ജയിക്കേണ്ടത്. ഒരു എതിരാളി തൊട്ടുമുമ്പേ വിപണിയിലെത്തിയ കിയ സോണറ്റാണ്. കാരണഭൂതനായ വിറ്റാര ബ്രെസയാണ് മറ്റൊരു പ്രധാന എതിരാളി. ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര എക്സ് യുവി 300 എന്നിവയാണ് മറ്റ് എതിരാളികൾ. നിസാൻ മാഗ്നൈറ്റ്, റെനോ എച്ച്ബിസി എന്നിവ വരാനിരിക്കുന്ന സബ്കോംപാക്റ്റ് എസ് യുവികളാണ്.

1.5 ലിറ്റർ, കെ15ബി, പെട്രോൾ എൻജിനാണ് ടൊയോട്ട അർബൻ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോർ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും ലിഥിയം അയൺ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ഐഎസ്ജി) എന്നിവ നൽകിയിരിക്കുന്നു. 

എൽഇഡി പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ സവിശേഷതകളാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് വലുപ്പമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കറുപ്പിലും തവിട്ടു നിറത്തിലുമായി ഡുവൽ ടോൺ ഇന്റീരിയർ തീം, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന അകത്തെ റിയർ വ്യൂ കണ്ണാടി, ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങിൽ നൽകിയ കൺട്രോളുകൾ, എൻജിൻ സ്റ്റാർട്ട്- സ്റ്റോപ്പ് ബട്ടൺ എന്നിവ അകത്തെ വിശേഷങ്ങളാണ്. 

വേരിയന്റ്                      വില 

മിഡ് എംടി……………… 8.40 ലക്ഷം രൂപ 

മിഡ് എടി……………….. 9.80 ലക്ഷം രൂപ 

ഹൈ എംടി…………….. 9.15 ലക്ഷം രൂപ 

ഹൈ എടി…………….. 10.65 ലക്ഷം രൂപ 

പ്രീമിയം എംടി……. ….. 9.80 ലക്ഷം രൂപ

പ്രീമിയം എടി………… 11.30 ലക്ഷം രൂപ