Top Spec

The Top-Spec Automotive Web Portal in Malayalam

ആവേശക്കൊടുമുടി കയറാൻ മഹീന്ദ്ര ഥാർ

ഒക്ടോബർ രണ്ടിന് വില പ്രഖ്യാപിക്കും 

ഇന്ത്യയിലെ വാഹന പ്രേമികൾ ഈ അടുത്ത കാലത്ത് ഇത്രയേറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡൽ വേറെയുണ്ടാകില്ല. പത്ത് വർഷങ്ങൾക്കിപ്പുറം ഇവനിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഓഫ് റോഡ് പ്രേമികൾ. പറഞ്ഞുവരുന്നത് മഹീന്ദ്ര ഥാറിനെക്കുറിച്ചാണ്. ലക്ഷണമൊത്ത ഒരു ഇന്ത്യൻ ഓഫ് റോഡർ. 2010 ലാണ് മഹീന്ദ്ര ഥാർ ആദ്യമായി വിപണിയിലെത്തിയത്.  

ദിവസങ്ങൾക്കുമുമ്പ് സ്വാതന്ത്ര്യ ദിനത്തിലാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാർ തന്റെ വിശ്വരൂപം പുറത്തെടുത്തത്. മുംബൈയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര & മഹീന്ദ്ര എംഡി & സിഇഒ പവൻ ഗോയങ്ക ഓഫ് റോഡ് എസ് യുവി അനാവരണം ചെയ്തു. വിപണി അവതരണവും വില പ്രഖ്യാപനവും ഒക്ടോബർ രണ്ടിന് നടക്കും. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, കൺവെർട്ടിബിൾ ടോപ് എന്നീ വകഭേദങ്ങളിൽ പുതിയ മഹീന്ദ്ര ഥാർ ലഭിക്കും.  

അഴികളോടുകൂടിയ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്ലാംപുകൾ, ബംപറിൽ സ്ഥാപിച്ച ഫോഗ് ലൈറ്റുകൾ, ഫെൻഡറിൽ ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പുതു തലമുറ മഹീന്ദ്ര ഥാറിന്റെ പുറത്തെ വിശേഷങ്ങളാണ്. സുരക്ഷിതത്വവും സൗന്ദര്യവും വർധിപ്പിക്കുംവിധം കട്ടിയേറിയ ക്ലാഡിംഗ്, 18 ഇഞ്ച് വ്യാസമുള്ള 5 സ്പോക്ക് അലോയ് വീലുകൾ എന്നിവ വശങ്ങളിലെ കാഴ്ച്ചകളാണ്. ചതുരാകൃതിയിൽ എൽഇഡി ടെയ്ൽ ലൈറ്റുകൾ, പിൻ ഡോറിൽ ഘടിപ്പിച്ച സ്പെയർ വീൽ, ബംപറിൽ നമ്പർ പ്ലേറ്റിന് പ്രത്യേക ഇടം, റിഫ്ലക്റ്ററുകൾ എന്നിവ പിറകിൽ കാണാം.  

ഇളം തവിട്ടു നിറത്തിലുള്ള തുകൽ സീറ്റുകൾ, 7 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഉയരം, നടുഭാഗം എന്നിവ ക്രമീകരിക്കാൻ കഴിയുന്ന മുൻ സീറ്റുകൾ, മുന്നിലേക്ക് നോക്കിയിരിക്കാവുന്നതും 50:50 അനുപാതത്തിൽ മടക്കാവുന്നതുമായ റിയർ സീറ്റുകൾ, റൂഫിൽ സ്ഥാപിച്ച സ്പീക്കറുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന ഗേജുകൾ, കളർ ടിഎഫ്ടി ഡിസ്പ്ലേ സഹിതം പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂസ് കൺട്രോൾ, സ്റ്റിയറിംഗിൽ സ്ഥാപിച്ച കൺട്രോളുകൾ, ത്രീ പോയന്റ് സീറ്റ് ബെൽറ്റുകളോടുകൂടി ബിൽറ്റ് ഇൻ റോൾ കേജ് എന്നിവ 2020 മഹീന്ദ്ര ഥാറിന്റെ അകത്തെ സവിശേഷതകളാണ്.  

ഇരട്ട എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), റോൾ ഓവർ മിറ്റിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.  

150 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൺ പെട്രോൾ എൻജിൻ, 130 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ എംഹോക് ഡീസൽ എൻജിൻ എന്നിവയാണ് പവർട്രെയ്ൻ ഓപ്ഷനുകൾ. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 4×4 ട്രാൻസ്ഫർ കേസ് സ്റ്റാൻഡേഡായി ലഭിക്കും.  

എഎക്സ്, എൽഎക്സ് എന്നീ രണ്ട് വകഭേദങ്ങളിൽ പുതിയ മഹീന്ദ്ര ഥാർ ലഭിക്കും. റെഡ് റേജ്, മിസ്റ്റിക് കോപ്പർ, ഗ്യാലക്സി ഗ്രേ, നാപൊളി ബ്ലാക്ക്, റോക്കി ബേഷ്, അക്വാമറീൻ എന്നിവയാണ് ആറ് കളർ ഓപ്ഷനുകൾ.