Top Spec

The Top-Spec Automotive Web Portal in Malayalam

മോട്ടോ ജിപി: ഓസ്ട്രിയയിൽ ഡോവിസിയോസോ ജേതാവ്

ഈ സീസൺ കഴിഞ്ഞാൽ ഡുകാറ്റി വിടുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ആൻഡ്രിയ ഡോവിസിയോസോ വിജയതിലകമണിഞ്ഞത് 

ഈ വർഷത്തെ മോട്ടോ ജിപിയുടെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സിൽ ഡുകാറ്റി ഫാക്റ്ററി ടീമിന്റെ ആൻഡ്രിയ ഡോവിസിയോസോ വിജയിച്ചു. ഈ സീസൺ കഴിഞ്ഞാൽ ഡുകാറ്റി ടീം വിടുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഓസ്ട്രിയൻ സർക്യൂട്ടിൽ ഡോവിസിയോസോ വിജയതിലകമണിഞ്ഞത്. മൽസരത്തിനിടെ റെഡ് ബുൾ റിംഗിൽ ഭയങ്കര ഇടി നടന്നതോടെ ചുവന്ന കൊടി ഉയർന്ന ദിനം കൂടിയായിരുന്നു ഞായറാഴ്ച്ച.  

2020 മോട്ടോ ജിപിയുടെ നാലാമത്തെ ഗ്രാൻഡ് പ്രിക്സ് കഴിയുമ്പോൾ ഈ സീസണിലെ ആദ്യ വിജയമാണ് ഇറ്റലിക്കാരനായ ആൻഡ്രിയ ഡോവിസിയോസോ നേടിയത്. ഈ ട്രാക്കിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നേടുന്ന മൂന്നാമത്തെ വിജയവും. ഈ സീസണിൽ ഡുകാറ്റിയുടെ ആദ്യ വിജയമാണിത്. കഴിഞ്ഞ എട്ട് വർഷമായി ഡുകാറ്റിയുടെ കൂടെയാണ് ആൻഡ്രിയ ഡോവിസിയോസോ.  

ഒമ്പതാം ലാപ്പിലാണ് നടുക്കമുണ്ടാക്കിയ അപകടം നടന്നത്. ഇതേതുടർന്ന് മൽസരം അൽപ്പനേരം നിർത്തിവെച്ചു. മൂന്നാമത്തെ വളവിൽ പെട്രോണാസ് യമഹയുടെ ഫ്രാങ്കോ മോർബിഡെല്ലിയും അവിന്റിയ ടീമിന്റെ യോഹാൻ സാർക്കോയുമാണ് കൂട്ടിയിടിച്ചത്. രണ്ടു പേർക്കും ഗുരുതര പരുക്കേറ്റില്ല. പിന്നീട് ഇരുപത് ലാപ്പായാണ് മൽസരം നടത്തിയത്.  

സുസുകിയുടെ ജോവാൻ മിർ രണ്ടാമതും പ്രാമാക് റൈഡറായ ജാക്ക് മില്ലർ മൂന്നാമതും ഫിനിഷ് ചെയ്തു. കെടിഎമ്മിന്റെ ബ്രാഡ് ബൈൻഡർ നാലാം സ്ഥാനത്ത് എത്തിയപ്പോൾ യമഹയുടെ വാലന്റീനോ റോസി അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ചാമ്പ്യൻഷിപ്പിൽ മുന്നിട്ടുനിൽക്കുന്ന ഫാബിയോ ക്വാർട്ടാരാരോ എട്ടാമതാണ് ഫിനിഷ് ചെയ്തത്. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ആൻഡ്രിയ ഡോവിസിയോസോവിന് ക്വാർട്ടാരാരോയേക്കാൾ 11 പോയന്റ് മാത്രമാണ് കുറവ്.