Top Spec

The Top-Spec Automotive Web Portal in Malayalam

എതിരാളികളെ വിറപ്പിക്കാൻ പുതിയ ഹോണ്ട മോഡൽ

ഹോണ്ട ഹോർണറ്റ് 2.0 പുറത്തിറക്കി. ഡെൽഹി എക്സ് ഷോറൂം വില 1,26,921 രൂപ 

ഹോണ്ട 2 വീലേഴ്സ് ഇന്ത്യ പുതിയ പ്രീമിയം ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു. ഹോണ്ട ഹോർണറ്റ് 2.0 മോട്ടോർസൈക്കിളാണ് പുറത്തിറക്കിയത്. 1,26,921 രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില. ഹീറോ എക്സ്ട്രീം 200ആർ, ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി, ബജാജ് പൾസർ എൻഎസ് 200 എന്നീ ബൈക്കുകളുടെ എതിരാളിയാണ് ഹോണ്ട പുറത്തിറക്കിയ പുതിയ 184 സിസി മോഡൽ. എതിരാളികളേക്കാൾ അൽപ്പം പ്രീമിയം സ്പെസിഫിക്കേഷനുകളോടെയാണ് ഹോണ്ട ഹോർണറ്റ് 2.0 വരുന്നത്.

  

നേക്കഡ് റോഡ്സ്റ്റർ ലുക്കിലാണ് ഹോണ്ട ഹോർണറ്റ് 2.0 വിപണിയിലെത്തുന്നത്. എൽഇഡി ലൈറ്റിംഗ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്ക്കുലർ ഇന്ധന ടാങ്ക്, സ്റ്റെപ്പ് അപ്പ് സീറ്റ്, നീളം കുറഞ്ഞ എക്സോസ്റ്റ് മഫ്ളർ എന്നീ സവിശേഷതകൾ ഈ വിശേഷണത്തെ സാധൂകരിക്കുന്നതാണ്. നീല ബാക്ക്ലിറ്റ് സഹിതം ചതുരാകൃതിയുള്ള എൽസിഡി ഡിസ്പ്ലേ, ഹസാർഡ് ലൈറ്റ് സ്വിച്ച് എന്നിവയും ഫീച്ചറുകളാണ്.  

184 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിനാണ് ഹോണ്ട ഹോർണറ്റ് 2.0 മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോർ 8,500 ആർപിഎമ്മിൽ 17.2 എച്ച്പി പരമാവധി കരുത്തും 6,000 ആർപിഎമ്മിൽ 16.1 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.  

യുഎസ്ഡി (അപ്സൈഡ് ഡൗൺ) ഫോർക്കുകൾ മുന്നിലും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് പിന്നിലും സസ്പെൻഷൻ നിർവഹിക്കും. മുന്നിൽ യുഎസ്ഡി ഫോർക്കുകൾ നൽകിയത് എതിരാളികൾക്കില്ലാത്ത സവിശേഷതയാണ്. ഇരു ചക്രങ്ങളിലും പെറ്റൽ ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നു. സിംഗിൾ ചാനൽ എബിഎസ് സുരക്ഷാ ഫീച്ചറാണ്. 

പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാൻഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ നാല് നിറങ്ങളിൽ ഹോണ്ട ഹോർണറ്റ് 2.0 ലഭിക്കും. മൂന്ന് വർഷ വാറന്റി സ്റ്റാൻഡേഡായി ലഭിക്കും. മൂന്ന് വർഷത്തെ ദീർഘിപ്പിച്ച വാറന്റി പ്രത്യേകം വാങ്ങാവുന്നതാണ്.