Top Spec

The Top-Spec Automotive Web Portal in Malayalam

ചീറിപ്പായാൻ ഡുകാറ്റി പാനിഗാലെ വി2

ഇന്ത്യ എക്സ് ഷോറൂം വില 16.99 ലക്ഷം രൂപ 

ഡുകാറ്റി ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്ന നിര വിപുലീകരിച്ചു. പുതുതായി ഡുകാറ്റി പാനിഗാലെ വി2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. ഇക്കഴിഞ്ഞ ജൂലൈയിൽ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ഡുകാറ്റി പാനിഗാലെ 959 മോട്ടോർസൈക്കിളിന്റെ പിൻഗാമിയാണ് പാനിഗാലെ വി2.

വല്യേട്ടനായ പാനിഗാലെ വി4 മോട്ടോർസൈക്കിളിൽനിന്ന് സ്റ്റൈലിംഗ് സൂചകങ്ങൾ സ്വീകരിച്ചാണ് പുതിയ മോഡലായ പാനിഗാലെ വി2 വരുന്നത്. കൺപുരികം പോലെയുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ഇരട്ട ഹെഡ്ലാംപ്, പ്രധാന ഫെയറിംഗിൽ ഉടനീളം ഷാർപ്പ് ലൈനുകൾ, കൊത്തിയെടുത്തതുപോലെ ഇന്ധന ടാങ്ക്, ഒരു വശത്ത് മാത്രമായി സ്വിംഗ്ആം, നല്ല ഉയരത്തിൽ ചെരിഞ്ഞതായ വാൽ ഭാഗം എന്നീ സ്റ്റൈലിംഗ് സൂചകങ്ങളാണ് ലഭിച്ചത്.  

955 സിസി, ഇരട്ട സിലിണ്ടർ എൻജിനാണ്  ഡുകാറ്റി പാനിഗാലെ വി2 മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. 10,750 ആർപിഎമ്മിൽ 152.8 ബിഎച്ച്പി പരമാവധി കരുത്തും 9,000 ആർപിഎമ്മിൽ 104 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുംവിധം ഈ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നു. എൻജിനുമായി 6 സ്പീഡ് ഗിയർബോക്സ് ചേർത്തുവെച്ചു.

4.3 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡിസ്പ്ലേ, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, എൻജിൻ ബ്രേക്ക് കൺട്രോൾ, വീലീ കൺട്രോൾ എന്നിവ ഫീച്ചറുകളാണ്. മുന്നിൽ 43 എംഎം ‘ഷോവ’ ബിഗ് പിസ്റ്റൺ ഫോർക്കുകളും പിന്നിൽ ഒരു വശത്തായി സ്ഥാപിച്ച ‘സാക്സ്’ മോണോഷോക്കും സസ്പെൻഷൻ നിർവഹിക്കും. രണ്ടും ക്രമീകരിക്കാൻ കഴിയുന്നവയാണ്. പിറേലി ഡയാബ്ലോ റോസോ കോഴ്സ 2 ടയറുകളിലാണ് ഡുകാറ്റി പാനിഗാലെ വി2 ഓടുന്നത്.