Top Spec

The Top-Spec Automotive Web Portal in Malayalam

വിട്ടുവീഴ്ച്ചയില്ലാത്ത പെർഫോമൻസിന് ഔഡി ആർഎസ് ക്യു8

ഇന്ത്യ എക്സ് ഷോറൂം വില 2.07 കോടി രൂപ 

ഔഡി ആർഎസ് ക്യു8 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.07 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. ഹൈ പെർഫോമൻസ് എസ് യുവിയാണ് ഔഡി ആർഎസ് ക്യു8. മറ്റ് ഹൈ പെർഫോമൻസ്, സ്പോർട്ടി എസ് യുവികളായ പോർഷ കയെൻ ടർബോ, ബിഎംഡബ്ല്യു എക്സ്6എം എന്നിവയാണ് എതിരാളികൾ.

ജർമൻ കാർ നിർമാതാക്കളുടെ ഏറ്റവും കരുത്തുറ്റ പെട്രോൾ എസ് യുവിയാണ് ഔഡി ആർഎസ് ക്യു8. 4.0 ലിറ്റർ, ഇരട്ട ടർബോ, വി8 എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 600 ബിഎച്ച്പി പരമാവധി കരുത്തും 800 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു. ഔഡിയുടെ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി) സാങ്കേതികവിദ്യയായ ക്വാട്രോ നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 3.8 സെക്കൻഡ് മാത്രം മതി. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത!

  

കാഴ്ച്ചയിൽ, ഔഡി ക്യു8 എസ് യുവിയുമായി സാമ്യമുള്ളതാണ് ഔഡി ആർഎസ് ക്യു8. എന്നാൽ അഗ്രസീവ് പെർഫോമൻസ് കാഴ്ച്ചവെയ്ക്കുംവിധം പുനർനിർമിച്ചു. അതായത്, ‘ആർഎസ്’ സ്പോയ്ലർ, 22 ഇഞ്ച് വ്യാസമുള്ള ചക്രങ്ങൾ, പിറകിൽ സംയോജിപ്പിച്ച ഡിഫ്യൂസർ എന്നിവ കാണാം. കാറിനകത്തെ രൂപകൽപ്പനയും ക്യു8 എസ് യുവിയുമായി സാമ്യമുള്ളതാണ്. അതേസമയം, ആർഎസ് ബാഡ്ജ് ലഭിച്ച വാഹനത്തിന്റെ ഉള്ളിൽ ചില സ്പോർട്ടി സ്പർശങ്ങൾ കാണാം.

ഫീച്ചറുകളുടെ എണ്ണമെടുത്താൽ നിറയെ ഉണ്ട്. ഔഡിയുടെ വിർച്വൽ കോക്പിറ്റ്, സ്പോർട്ട് അഡാപ്റ്റീവ് എയർ സസ്പെൻഷൻ, രണ്ട് ആർഎസ് ഡ്രൈവ് മോഡുകൾ എന്നിവ അവയിൽ ചിലതാണ്. നാല് സോൺ ക്ലൈമറ്റ് കൺട്രോൾ സഹിതം എയർ ക്വാളിറ്റി പാക്കേജ് സ്റ്റാൻഡേഡായി ലഭിക്കും.

  

കറുത്ത ലോഗോകൾ സഹിതം ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജ്, പനോരമിക് സൺറൂഫ്, ഹെഡ് അപ്പ് ഡിസ്പ്ലേ, മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, ആർഎസ് സ്പോർട്സ് എക്സോസ്റ്റ്, 3ഡി ശബ്ദത്തോടെ ‘ബി&ഒ’ മ്യൂസിക് സിസ്റ്റം, ടോപ് സ്പീഡ് മണിക്കൂറിൽ 305 കിലോമീറ്ററായി വർധിപ്പിക്കുന്ന ആർഎസ് ഡൈനാമിക് പാക്കേജ് പ്ലസ് എന്നിവ ഓപ്ഷണൽ എക്സ്ട്രാകളാണ്.