Top Spec

The Top-Spec Automotive Web Portal in Malayalam

ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് വേരിയന്റ് വിപണിയിൽ

മുന്നിൽ ഡിസ്ക് ബ്രേക്ക്, ഐ-ടച്ച്സ്റ്റാർട്ട് എന്നീ ഫീച്ചറുകളോടെയാണ് പുതിയ വേരിയന്റ് വരുന്നത് 

ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപിറ്റർ സ്കൂട്ടറിന്റെ പുതിയ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇസഡ്എക്സ് വേരിയന്റാണ് പുറത്തിറക്കിയത്. മുൻ ചക്രത്തിൽ ഡിസ്ക് ബ്രേക്ക്, ഐ-ടച്ച്സ്റ്റാർട്ട് എന്നീ സവിശേഷതകളോടെയാണ് ഇസഡ്എക്സ് വേരിയന്റ് വരുന്നത്. സ്കൂട്ടറിൽ ഇതുവരെ മുന്നിൽ ഡിസ്ക് ബ്രേക്ക് നൽകിയിരുന്നില്ല. യഥാർത്ഥത്തിൽ സൈലന്റ് സ്റ്റാർട്ടർ തന്നെയാണ് ഐ-ടച്ച്സ്റ്റാർട്ട് സാങ്കേതികവിദ്യ. 69,052 രൂപയാണ് പുതിയ വേരിയന്റിന് ഡെൽഹി എക്സ് ഷോറൂം വില.  

ഓൾ-ഇൻ-വൺ ലോക്ക് സംവിധാനമാണ് പുതിയ ഇസഡ്എക്സ് വേരിയന്റിലെ മറ്റൊരു ഫീച്ചർ. അതായത് ഇഗ്നിഷൻ, സ്റ്റിയറിംഗ്‌ ലോക്ക്, സീറ്റ് ലോക്ക്, ഇന്ധന ടാങ്കിന്റെ ക്യാപ് ഓപ്പണർ എന്നിവയെല്ലാം ഒരു കീ ഹോളിൽ നൽകിയിരിക്കുന്നു. ബാക്കി കാര്യങ്ങളിൽ മറ്റെല്ലാ വേരിയന്റുകളുമായി സാമ്യം പുലർത്തുന്നു.  

109.7 സിസി, എയർ കൂൾഡ് എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 7,000 ആർപിഎമ്മിൽ 7.3 ബിഎച്ച്പി പരമാവധി കരുത്തും 5,500 ആർപിഎമ്മിൽ 8.4 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 12 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളാണ് നൽകിയിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും സസ്പെൻഷൻ നിർവഹിക്കും. എൽഇഡി ഹെഡ്ലാംപ്, യുഎസ്ബി ചാർജർ, 21 ലിറ്റർ ബൂട്ട്, 6 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ സവിശേഷതകളാണ്.  

മാറ്റ് സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലൂ, റോയൽ വൈൻ എന്നീ മൂന്ന് നിറങ്ങളിൽ ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് വേരിയന്റ് ലഭിക്കും.