Top Spec

The Top-Spec Automotive Web Portal in Malayalam

സിട്രോയെൻ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ചു

സി5 എയർക്രോസ് എന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് നിർമിക്കുന്നത് 

ഇന്ത്യയിൽ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. അടുത്ത വർഷമായിരിക്കും സിട്രോയെൻ ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറുന്നത്.  

ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നതിന് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോയെൻ ഒരുക്കങ്ങൾ തകൃതിയാക്കി. ഇന്ത്യയിൽ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. സി5 എയർക്രോസ് എന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് നിർമിക്കുന്നത്. അടുത്ത വർഷമായിരിക്കും സിട്രോയെൻ ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറുന്നത്.  

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്ന കാര്യം 2018 ലാണ് പിഎസ്എ ഗ്രൂപ്പ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ സി5 എയർക്രോസ് പ്രദർശിപ്പിച്ചിരുന്നു. 2018 ലാണ് സിട്രോയെൻ സി5 എയർക്രോസ് ആഗോളതലത്തിൽ അനാവരണം ചെയ്തത്. 

സികെഡി രീതിയിലാണ് എസ് യുവി ഇന്ത്യയിൽ നിർമിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള സികെ ബിർളയുടെ പ്ലാന്റിൽ വാഹനഘടകങ്ങളും പാർട്ടുകളും കൂട്ടിയോജിപ്പിക്കും. എഴുപത് ശതമാനം ഇന്ത്യൻ ഉള്ളടക്കത്തോടെ ആയിരിക്കും സിട്രോയെൻ സി5 എയർക്രോസ് നിർമിക്കുന്നത്. അതുകൊണ്ടുതന്നെ വില പിടിച്ചുനിർത്താൻ ഫ്രഞ്ച് കമ്പനിക്ക് കഴിയും.  

സിട്രോയെൻ ബ്രാൻഡിന്റെ ഉടമസ്ഥരായ പിഎസ്എ ഗ്രൂപ്പ് തിരുവള്ളൂർ പ്ലാന്റിൽ ഇതുവരെ 600 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. കയറ്റുമതി ആവശ്യങ്ങൾക്ക് ഉൾപ്പെടെ പ്രവർത്തനം തുടങ്ങി ആദ്യ വർഷം 50,000 യൂണിറ്റ് കാറുകൾ നിർമിക്കാനാണ് സിട്രോയെൻ ലക്ഷ്യമിടുന്നത്. പ്രതിവർഷം രണ്ട് ലക്ഷം പവർട്രെയ്നുകളും മൂന്ന് ലക്ഷം ട്രാൻസ്മിഷനുകളും നിർമിക്കാൻ കൂടി ശേഷിയുള്ളതാണ് തിരുവള്ളൂർ പ്ലാന്റ്.  

4,500 മില്ലിമീറ്റർ നീളമുള്ളതാണ് സിട്രോയെൻ സി5 എയർക്രോസ്. 2.0 ലിറ്റർ ഡീസൽ എൻജിൻ, 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഇന്ത്യയിൽ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോൺ, സ്കോഡ കറോക്ക്, ഫോക്സ് വാഗൺ ടി-റോക് എന്നിവയായിരിക്കും എതിരാളികൾ.