Top Spec

The Top-Spec Automotive Web Portal in Malayalam

എന്തൊരു സ്പീഡ് ! കിയ ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റു

പതിനൊന്ന് മാസങ്ങൾക്കിടെയാണ് നാഴികക്കല്ല് താണ്ടിയത്

രാജ്യത്ത് ഏറ്റവും വേഗത്തിൽ ഒരു ലക്ഷം കാറുകൾ വിറ്റ കമ്പനിയെന്ന റെക്കോർഡാണ് കിയ മോട്ടോഴ്സ് സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ ചരിത്രം കുറിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തിൽ ഒരു ലക്ഷം കാറുകൾ വിറ്റ കമ്പനിയെന്ന റെക്കോർഡാണ് കിയ മോട്ടോഴ്സ് സ്വന്തമാക്കിയത്. പതിനൊന്ന് മാസങ്ങൾക്കിടെയാണ് ഈ നാഴികക്കല്ല് താണ്ടിയത്.  

സെൽറ്റോസ് എസ് യുവിയാണ് കിയ മോട്ടോഴ്സ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. 2019 ഓഗസ്റ്റിലായിരുന്നു വിപണി അവതരണം. ഇതേതുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ കാർണിവൽ എംപിവി പുറത്തിറക്കി. ഇതുവരെ 97,745 യൂണിറ്റ് സെൽറ്റോസും 3,164 യൂണിറ്റ് കാർണിവലുമാണ് കിയ മോട്ടോഴ്സ് ഇന്ത്യയിൽ വിറ്റത്.  

ഇന്ത്യൻ ഉപയോക്താക്കളുടെ പ്രതികരണത്തിലും അവർ നൽകിയ  അംഗീകാരത്തിലും സന്തോഷിക്കുന്നതായി കിയ മോട്ടോഴ്സ് ഇന്ത്യ എംഡി & സിഇഒ കൂഖ്യുൻ ഷിം പറഞ്ഞു. രണ്ട് മോഡലുകളുമായി പതിനൊന്ന് മാസങ്ങൾക്കുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഇതിനിടെ കിയ മോട്ടോഴ്സ് ഇന്ത്യയിൽ 50,000 കണക്റ്റഡ് കാറുകൾ വിറ്റിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കാർ നിർമാതാക്കളാണ് കിയ.  

സോണറ്റ് എന്ന സബ്കോംപാക്റ്റ് എസ് യുവിയാണ് കിയ മോട്ടോഴ്സ് ഇന്ത്യയിൽ അടുത്തതായി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കിയ സോണറ്റ് ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തും. സെപ്റ്റംബർ മാസത്തിൽ വില പ്രഖ്യാപിക്കും.