Top Spec

The Top-Spec Automotive Web Portal in Malayalam

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ ഇന്ത്യയിൽ

ഡെൽഹി എക്സ് ഷോറൂം വില 8.84 ലക്ഷം രൂപ 

സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് എന്ന ടോപ് സ്പെക്  വേരിയന്റിനേക്കാൾ 2.49 ലക്ഷം രൂപ കുറവ്.  

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.84 ലക്ഷം രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില. സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് എന്ന ടോപ് സ്പെക്  വേരിയന്റിനേക്കാൾ 2.49 ലക്ഷം രൂപ കുറവ്.  

ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കൾ ഇന്ത്യയിൽ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിൾ ആർ അവതരിപ്പിക്കുന്നത്. സഫയർ ബ്ലാക്ക്, മാറ്റ് സിൽവർ ഐസ് എന്നീ രണ്ട് പെയിന്റ് സ്കീമുകളിൽ സ്ട്രീറ്റ്ഫൈറ്റർ ലഭിക്കും. ഇന്ത്യയിലെ എല്ലാ ട്രയംഫ് ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

പരിഷ്കരിച്ച രൂപകൽപ്പനയോടെയാണ് 2020 മോഡൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ ഇന്ത്യയിലെത്തുന്നത്. ട്വിൻ പോഡ് അഗ്രസീവ് എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ടാങ്ക് ഷ്രൗഡുകൾ എന്നിവ സ്റ്റൈലിംഗ് സൂചകങ്ങളാണ്.  

765 സിസി, ഇൻലൈൻ 3 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോർ 116 ബിഎച്ച്പി പരമാവധി കരുത്തും 77 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് വകഭേദത്തിൽ ഇതേ എൻജിൻ 121.36 ബിഎച്ച്പി, 77 എൻഎം എന്നിങ്ങനെയാണ് പുറപ്പെടുവിക്കുന്നത്.  

ക്വിക്ക് ഷിഫ്റ്റർ, മൂന്ന് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ്, എൽസിഡി ഇൻസ്ട്രുമെന്റ് സ്ക്രീൻ എന്നിവ സ്ട്രീറ്റ് ട്രിപ്പിൾ ആർ വേരിയന്റിലെ ഫീച്ചറുകളാണ്.