Top Spec

The Top-Spec Automotive Web Portal in Malayalam

ഔഡി ആർഎസ് ക്യു8 ബുക്കിംഗ് തുടരുന്നു

15 ലക്ഷം രൂപയാണ് ബുക്കിംഗ് തുക 

അംഗീകൃത ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിംഗ് നടത്താൻ കഴിയും

ഇന്ത്യയിൽ ഈ വർഷം നാലാമത്തെ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ കാർ നിർമാതാക്കളായ ഔഡി. ആർഎസ് ക്യു8 മോഡലിന്റെ ബുക്കിംഗ് ഇതിനകം ഇന്ത്യയിൽ ആരംഭിച്ചു. 15 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. അംഗീകൃത ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിംഗ് നടത്താൻ കഴിയും. ഈ വർഷം രണ്ടാമത്തെ ആർഎസ് മോഡലാണ് ഔഡി ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ മാസം ഔഡി ആർഎസ് 7 പുറത്തിറക്കിയിരുന്നു.  

ഔഡി ക്യു8 എസ് യുവിയുടെ പെർഫോമൻസ് വകഭേദമാണ് ആർഎസ് ക്യു8. അഗ്രസീവ് സ്റ്റൈലിംഗ് നൽകിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയും എസ് യുവിയുടെ വഴക്കവും ഒത്തിണങ്ങിയ മോഡലാണ് ആർഎസ് ക്യു8 എന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു.  

4.0 ലിറ്റർ, ഇരട്ട ടർബോ, വി8 പെട്രോൾ എൻജിനാണ് ഔഡി ആർഎസ് ക്യു8 ഉപയോഗിക്കുന്നത്. ഈ മോട്ടോർ 600 ബിഎച്ച്പി പരമാവധി കരുത്തും 800 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനുമായി ചേർത്തത്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 3.8 സെക്കൻഡ് മതി. ഔഡിയുടെ ഓൾ വീൽ ഡ്രൈവ് സംവിധാനമായ ‘ക്വാട്രോ’ സവിശേഷതയായിരിക്കും.