Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് 

 ഈ വർഷം മാർച്ചിൽ രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നു. അഞ്ച് വർഷങ്ങളിലായി ഇന്ത്യയിൽ അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയി.  

ഇന്ത്യൻ വിപണിയിൽ ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റ് ക്രെറ്റ എസ് യുവി വിറ്റതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. 2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം മാർച്ചിൽ രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നു. അഞ്ച് വർഷങ്ങളിലായി ഇന്ത്യയിൽ അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയി.  

പുതിയ ക്രെറ്റ വന്നതോടെ, കൊവിഡ് പ്രതിസന്ധിക്കിടയിലും വിൽപ്പന പിന്നെയും വർധിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 11,549 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റയാണ് വിറ്റത്. ഈ വർഷം മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി ബെസ്റ്റ് സെല്ലിംഗ് എസ് യുവി ഹ്യുണ്ടായ് ക്രെറ്റ ആയിരുന്നു. ഇതിനിടെ രണ്ടാം തലമുറ ക്രെറ്റയുടെ ബുക്കിംഗ് 65,000 യൂണിറ്റ് പിന്നിട്ടു.  

2015 ൽ അവതരിപ്പിച്ച നാൾ മുതൽ ഇന്ത്യയിലെ ബ്ലോക്ക്ബസ്റ്റർ മോഡലാണ് ക്രെറ്റയെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിൽപ്പന, വിപണന, സേവന വിഭാഗം ഡയറക്റ്റർ തരുൺ ഗാർഗ് പ്രസ്താവിച്ചു. 

കിയ സെൽറ്റോസ് നിർമിച്ച അതേ പ്ലാറ്റ്ഫോമാണ് പുതിയ ക്രെറ്റ അടിസ്ഥാനമാക്കിയത്. ‘ബ്ലൂലിങ്ക്’ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് 2020 ഹ്യുണ്ടായ് ക്രെറ്റ വിപണിയിലെത്തിയത്. 9.99 ലക്ഷം രൂപ മുതലാണ് വില. കിയ സെൽറ്റോസ് തന്നെയാണ് ഏറ്റവും പ്രധാന എതിരാളി.  

7 സ്പീഡ് ഡിസിടി സഹിതം 1.4 ലിറ്റർ ടർബോ പെട്രോൾ, 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ, 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളോടെ 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ.  

ആഭ്യന്തര വിപണിയിലെ വിൽപ്പന കൂടാതെ, ഇന്ത്യയിൽ നിർമിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ലോകത്തെ 88 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.