Top Spec

The Top-Spec Automotive Web Portal in Malayalam

മഹീന്ദ്ര മോജോ 300 തിരിച്ചെത്തി

രണ്ട് ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്സ് ഷോറൂം വില

ബിഎസ് 4 പതിപ്പിനേക്കാൾ ഏകദേശം 10,000 രൂപ കൂടുതൽ. ഭാരത് സ്റ്റേജ് 6 ബഹിർഗമന മാനദണ്ഡങ്ങളിലേക്ക് ഈ വർഷം ഏപ്രിൽ ഒന്നിന് രാജ്യം കടന്നതോടെ ബിഎസ് 4 പാലിച്ചിരുന്ന മഹീന്ദ്ര മോജോ 300 പിൻവലിച്ചിരുന്നു. കൂടുതൽ നിർദോഷമായ എൻജിൻ കൂടാതെ നാല് പുതിയ കളർ ഓപ്ഷനുകളിലാണ് 2020 മഹീന്ദ്ര മോജോ വരുന്നത്. 

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര മോജോ 300 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. ബിഎസ് 4 പതിപ്പിനേക്കാൾ ഏകദേശം 10,000 രൂപ കൂടുതൽ. ഭാരത് സ്റ്റേജ് 6 ബഹിർഗമന മാനദണ്ഡങ്ങളിലേക്ക് ഈ വർഷം ഏപ്രിൽ ഒന്നിന് രാജ്യം കടന്നതോടെ ബിഎസ് 4 പാലിച്ചിരുന്ന മഹീന്ദ്ര മോജോ 300 പിൻവലിച്ചിരുന്നു. കൂടുതൽ നിർദോഷമായ എൻജിൻ കൂടാതെ നാല് പുതിയ കളർ ഓപ്ഷനുകളിലാണ് 2020 മഹീന്ദ്ര മോജോ വരുന്നത്. റൂബി റെഡ്, ബ്ലാക്ക് പേൾ, ഗാർനറ്റ് ബ്ലാക്ക്, റെഡ് ആഗറ്റ് എന്നിവയാണ് പുതിയ നിറങ്ങൾ. കൂടാതെ, ഡുവൽ ചാനൽ എബിഎസ് സ്റ്റാൻഡേഡായി നൽകി. മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് സംബന്ധിച്ച് മാറ്റങ്ങളൊന്നുമില്ല.  

ഇരട്ട ഹെഡ്ലാംപ് സംവിധാനം മോട്ടോർസൈക്കിളിൽ തുടരുന്നു. 21 ലിറ്റർ ശേഷിയുള്ളതാണ് ഇന്ധന ടാങ്ക്. സ്റ്റെപ്പ് അപ്പ് രീതിയിൽ നീളമേറിയ ഒറ്റ സീറ്റ്, അലോയ് വീലുകൾ എന്നിവ കാണാം. പകുതി ഡിജിറ്റലായ ഇൻസ്ട്രുമെന്റ് കൺസോൾ തുടർന്നും കണ്ടേക്കും.  

295 സിസി, സിംഗിൾ സിലിണ്ടർ, ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിൻ കരുത്തേകും. ബിഎസ് 6 എൻജിന്റെ പവർ കണക്കുകൾ തൽക്കാലം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബിഎസ് 4 എൻജിനേക്കാൾ അൽപ്പം കുറവ് പ്രതീക്ഷിക്കാം. 7,500 ആർപിഎമ്മിൽ 26 ബിഎച്ച്പി പരമാവധി കരുത്തും 5,500 ആർപിഎമ്മിൽ 28 എൻഎം പരമാവധി ടോർക്കുമാണ് ബിഎസ് 4 എൻജിൻ പുറപ്പെടുവിച്ചിരുന്നത്. 6 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ഘടിപ്പിച്ചു.  

മുന്നിൽ ടെലിസ്കോപിക് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവ അതേപോലെ തുടരുന്നു. മുന്നിൽ 320 എംഎം ഡിസ്ക്കും പിന്നിൽ 240 എംഎം ഡിസ്ക്കും ബ്രേക്കിംഗ് നിർവഹിക്കും.  

ബിഎസ് 6 മഹീന്ദ്ര മോജോ 300 മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് കഴിഞ്ഞയാഴ്ച്ച ആരംഭിച്ചിരുന്നു. 5,000 രൂപയാണ് ബുക്കിംഗ് തുക. ദിവസങ്ങൾക്കുള്ളിൽ ഡെലിവറി ആരംഭിക്കും. ഒരു വേരിയന്റിൽ മാത്രമായിരിക്കും ലഭിക്കുന്നത്. എക്സ്ടി, യുടി വേരിയന്റുകൾ കഴിഞ്ഞ വർഷം നിർത്തിയിരുന്നു.  

സുസുകി ജിക്സർ 250, ബജാജ് ഡോമിനർ 250, യമഹ എഫ്ഇസഡ് 25, ബെനല്ലി ലിയോൺചിനോ 250, കെടിഎം 250 ഡ്യൂക്ക് എന്നിവയാണ് എതിരാളികൾ.