Top Spec

The Top-Spec Automotive Web Portal in Malayalam

കറുപ്പഴകിൽ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിൾ’ എഡിഷൻ

ഇന്ത്യ എക്സ് ഷോറൂം വില 20.14 ലക്ഷം മുതൽ 23.31 ലക്ഷം രൂപ വരെ 

 1.4 മൾട്ടിഎയർ ടർബോ ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 20.14 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 2 വീൽ ഡ്രൈവ് മാന്വൽ ഡീസൽ വേരിയന്റിന് 20.75 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 4 വീൽ ഡ്രൈവ് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റിന് 23.31 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.  

ജീപ്പ് കോംപസ് എസ് യുവിയുടെ നൈറ്റ് ഈഗിൾ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.4 മൾട്ടിഎയർ ടർബോ ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 20.14 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 2 വീൽ ഡ്രൈവ് മാന്വൽ ഡീസൽ വേരിയന്റിന് 20.75 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 4 വീൽ ഡ്രൈവ് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റിന് 23.31 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.  

പേര് സൂചിപ്പിക്കുന്നതുപോലെ, നൈറ്റ് ഈഗിൾ എഡിഷന്റെ അകവും പുറവും കറുപ്പ് മയമാണ്. ഗ്രിൽ, മുന്നിലെ ബംപർ, റൂഫ് പാനൽ, ബാഡ്ജ്, വിൻഡോ ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം കറുപ്പ് നിറമാണ്. കാബിനിൽ കറുത്ത ടെക്നോ ലെതർ സീറ്റുകൾ നൽകി. ഡാഷ്ബോർഡിൽ ഗ്ലോസ് ബ്ലാക്ക് സാന്നിധ്യം കാണാം. അപോൾസ്റ്ററി കറുത്തതാണ്.  

ലോഞ്ചിറ്റ്യൂഡ് വേരിയന്റിൽ നൽകിയതുതന്നെയാണ് നൈറ്റ് ഈഗിൾ എഡിഷനിലെ ഫീച്ചറുകൾ. അതായത്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ‘യുകണക്റ്റ്’ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഡുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, പവേർഡ് വിംഗ് മിററുകൾ, മുന്നിൽ കോർണറിംഗ് ലാംപുകൾ, റിവേഴ്സ് പാർക്കിംഗ് കാമറ എന്നിവ നൈറ്റ് ഈഗിൾ എഡിഷന്റെ സവിശേഷതകളാണ്. ഹിൽ ഡിസെന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ക്രൂസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഫ്രീക്വൻസി ഡാംപ്ഡ് സസ്പെൻഷൻ തുടങ്ങിയ ചില പുതിയ ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളും നൽകി.  

1.4 ലിറ്റർ, 4 സിലിണ്ടർ, മൾട്ടി എയർ ടർബോ പെട്രോൾ എൻജിൻ 160 ബിഎച്ച്പി പരമാവധി കരുത്തും 250 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 7 സ്പീഡ് ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മുൻ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. 2.0 ലിറ്റർ, 4 സിലിണ്ടർ  ഡീസൽ മോട്ടോർ പുറപ്പെടുവിക്കുന്നത് 173 ബിഎച്ച്പി പരമാവധി കരുത്തും 350 എൻഎം പരമാവധി ടോർക്കുമാണ്. രണ്ട് ഡീസൽ വേരിയന്റുകളിൽ, ഫ്രണ്ട് വീൽ ഡ്രൈവ് വകഭേദം ഉപയോഗിക്കുന്നത് 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ്. 4 വീൽ ഡ്രൈവ് വേർഷന്റെ എൻജിനുമായി 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു. ഈ ടോപ് വേരിയന്റിന് ‘സെലക് ടെറെയ്ൻ’ ഡ്രൈവിംഗ് മോഡുകൾ കൂടി നൽകി.  

ആഗോളതലത്തിൽ ജീപ്പ് കോംപസിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലാണ് നൈറ്റ് ഈഗിൾ. വോക്കൽ വൈറ്റ്, എക്സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മാഗ്‌നെസിയോ ഗ്രേ എന്നീ നാല് ബോഡി കളർ ഓപ്ഷനുകളിൽ ജീപ്പ് കോംപസ് നൈറ്റ് ഈഗിൾ എഡിഷൻ ലഭിക്കും. ബ്രസീൽ, യുകെ തുടങ്ങിയ വിപണികളിൽ നിലവിൽ ഈ മോഡൽ ലഭ്യമാണ്.