Top Spec

The Top-Spec Automotive Web Portal in Malayalam

പാതയോര സഹായവുമായി ജാവ

ഒരു വർഷത്തേക്ക് 1,050 രൂപ മുതലാണ് വില 

ജാവ, ജാവ ഫോർട്ടി ടു, ജാവ പെരാക് എന്നീ മൂന്ന് മോഡലുകൾക്കും ആർഎസ്എ ലഭിക്കും. 

ജാവ മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ റോഡ്സൈഡ് അസിസ്റ്റൻസ് (ആർഎസ്എ) അവതരിപ്പിച്ചു. ഒരു വർഷത്തേക്ക് പാതയോര സഹായം ലഭിക്കുന്നതിന് 1,050 രൂപ മുതലാണ് വില. ജാവ, ജാവ ഫോർട്ടി ടു, ജാവ പെരാക് എന്നീ മൂന്ന് മോഡലുകൾക്കും ആർഎസ്എ ലഭിക്കും. ഇന്ത്യയിലെ 950 നഗരങ്ങളിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. എന്നാൽ ബ്രേക്ക്ഡൗണായ മോട്ടോർസൈക്കിൾ നിൽക്കുന്ന സ്ഥലത്തിന്റെ നൂറ് കിലോമീറ്ററിനുള്ളിൽ മാത്രമായിരിക്കും പാതയോര സഹായം.

നൂറ് കിലോമീറ്റർ വരെ മോട്ടോർസൈക്കിൾ സൗജന്യമായി കൊണ്ടുപോകുന്നതും പാതയോര അറ്റകുറ്റപ്പണികളും പങ്ച്ചർ ഒട്ടിക്കുന്നതും പാതയോര സഹായ പാക്കേജിൽ ഉൾപ്പെടുന്നു. ഇന്ധനം തീർന്നതാണ് പ്രശ്നമെങ്കിൽ അതുകൂടി നൽകും. താക്കോൽ നഷ്ടപ്പെട്ടെങ്കിൽ അതിനും പരിഹാരമുണ്ടാകും. അടിയന്തര വൈദ്യസഹായവും ലഭിക്കും.  

പാതയോര സഹായ പാക്കേജിന്റെ നിബന്ധനകൾ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ജാവ ഉടമകൾക്കും ആർഎസ്എ ലഭിക്കും. എന്നാൽ മോട്ടോർസൈക്കിളിന് മൂന്ന്  വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. മോട്ടോർസൈക്കിൾ തീരെ നീക്കാൻ കഴിയുന്നില്ലെങ്കിൽ ക്രെയിൻ സേവനം ഉണ്ടായിരിക്കും.