Top Spec

The Top-Spec Automotive Web Portal in Malayalam

റോയൽ എൻഫീൽഡ് ‘സർവീസ് ഓൺ വീൽസ്’ പ്രഖ്യാപിച്ചു

പ്രത്യേകം സജ്ജീകരിച്ച 800 ബൈക്കുകൾ തയ്യാറാക്കിനിർത്തും 

സർവീസ് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, സ്പെയർ പാർട്ടുകൾ, ലൂബ്രിക്കന്റുകൾ, മറ്റ് സാമഗ്രികൾ എന്നിവ ഈ ബൈക്കുകളിൽ ഉണ്ടായിരിക്കും. 

റോയൽ എൻഫീൽഡ് കൂടുതൽ ഉപഭോക്തൃസൗഹൃദമാകുന്നു. വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനി ‘സർവീസ് ഓൺ വീൽസ്’ പ്രഖ്യാപിച്ചു. ഇതിനായി രാജ്യത്തെ വിവിധ ഡീലർഷിപ്പുകളിൽ പ്രത്യേകം സജ്ജീകരിച്ച 800 മോട്ടോർസൈക്കിളുകൾ തയ്യാറാക്കിനിർത്തും. സർവീസ് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, സ്പെയർ പാർട്ടുകൾ, ലൂബ്രിക്കന്റുകൾ, മറ്റ് സാമഗ്രികൾ എന്നിവ ഈ ബൈക്കുകളിൽ ഉണ്ടായിരിക്കും. മോട്ടോർസൈക്കിൾ പരിപാലനവുമായി ബന്ധപ്പെട്ട ജോലികൾ, ചെറിയ അറ്റകുറ്റപ്പണികൾ, പാർട്ടുകൾ മാറ്റിവെയ്ക്കൽ, വിവിധ വാഹനഘടകങ്ങളുടെ പരിശോധന തുടങ്ങിയ സേവനങ്ങൾ സർവീസ് ഓൺ വീൽസിന്റെ ഭാഗമായി ലഭിക്കും. 

 പരിശീലനം ലഭിച്ച ജീവനക്കാരും അംഗീകൃത ടെക്നീഷ്യൻമാരുമായിരിക്കും റോയൽ എൻഫീൽഡ് ബൈക്കുകൾ സർവീസ് ചെയ്യുന്നത്. എല്ലാ പാർട്ടുകൾക്കും ലൂബ്രിക്കന്റുകൾക്കും പന്ത്രണ്ട് മാസത്തെ വാറന്റി ഉണ്ടായിരിക്കും. വീട്ടുപടിക്കൽ അഥവാ വീട്ടിൽ സർവീസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഏറ്റവുമടുത്ത റോയൽ എൻഫീൽഡ് ഡീലർഷിപ്പുമായി ബന്ധപ്പെട്ട് തീയതിയും സമയവും നേടിയെടുക്കുകയാണ് വേണ്ടത്.  

സമ്പർക്കരഹിത വാങ്ങൽ, സർവീസ് എന്നിവയുമായി ബന്ധപ്പെട്ട് റോയൽ എൻഫീൽഡ് നേരത്തെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. വീടുകളിൽ ടെസ്റ്റ് റൈഡുകൾ, വിവിധ ഇ പെയ്മെന്റ് സൗകര്യങ്ങൾ തുടങ്ങിയവയാണ് അവതരിപ്പിച്ചത്. മൂന്ന് തരത്തിലുള്ള ഓണർഷിപ്പ് പാക്കേജുകൾ ഉൾപ്പെടുന്ന ‘റൈഡ് ഷുവർ’ പദ്ധതിയും ലഭ്യമാണ്. വിൽപ്പന, സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്തൃ സംതൃപ്തിയിൽ റോയൽ എൻഫീൽഡ് വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ചീഫ് കൊമേഴ്സ്യൽ ഓഫീസർ ലളിത് മാലിക് പറഞ്ഞു.