Top Spec

The Top-Spec Automotive Web Portal in Malayalam

വീരശൂരപരാക്രമി ഈ പുതിയ ഗൂര്‍ഖ

ഈ മാസം 27 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒക്‌റ്റോബര്‍ 15 ന് ഡെലിവറി ആരംഭിക്കും

പുതിയ ഫോഴ്‌സ് ഗൂര്‍ഖ അനാവരണം ചെയ്തു. എക്സ്റ്റീരിയര്‍ ഡിസൈന്‍ സമഗ്രമായി പരിഷ്‌കരിച്ചാണ് രണ്ടാം തലമുറ ഫോഴ്‌സ് ഗൂര്‍ഖ വിപണിയിലെത്തിക്കുന്നത്. പുതിയ ഇന്റീരിയര്‍, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയും ലഭിച്ചു. റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ഗ്രേ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഈ മാസം 27 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒക്‌റ്റോബര്‍ 15 ന് ഡെലിവറി ആരംഭിക്കും.

ബിഎസ് 6 പാലിക്കുന്ന 2.6 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ ഫോഴ്‌സ് ഗൂര്‍ഖയുടെ പവര്‍ സ്രോതസ്സ്. ഈ മോട്ടോര്‍ 90 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴിയാണ് ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്. 4 വീല്‍ ഡ്രൈവ് സംവിധാനം തീര്‍ച്ചയായും നല്‍കി. അളവുകളുടെ കാര്യത്തില്‍, പുതിയ ഗൂര്‍ഖയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,116 എംഎം, 1,812 എംഎം, 2,075 എംഎം എന്നിങ്ങനെയാണ്. 2,400 മില്ലിമീറ്ററാണ് വീല്‍ബേസ്.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച പുതിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ‘ഗൂര്‍ഖ’ എഴുത്തോടുകൂടിയ ഗ്രില്‍, മുന്നിലും പിന്നിലും കറുത്ത ബംപറുകള്‍, മുന്നിലെ ഫെന്‍ഡറില്‍ ഘടിപ്പിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്‌നോര്‍ക്കല്‍, ഫ്‌ളയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഫോഗ് ലൈറ്റുകള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍, പുതിയ 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, പുറത്ത് കറുത്ത റിയര്‍ വ്യൂ കണ്ണാടികള്‍, റൂഫ് റാക്ക്, ടോ ഹുക്ക്, ലംബമായി സ്ഥാപിച്ച ടെയ്ല്‍ ലൈറ്റുകള്‍, പിറകിലെ ഡോറില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍, പിറകില്‍ ടോ ഹുക്ക്, ഉയര്‍ത്തി സ്ഥാപിച്ച എല്‍ഇഡി സ്റ്റോപ്പ് ലാംപ് എന്നിവ 2021 ഫോഴ്‌സ് ഗൂര്‍ഖയുടെ സവിശേഷതകളാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, ഡാര്‍ക്ക് ഗ്രേ തീം സഹിതം നാല് യാത്രക്കാര്‍ക്കും ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ടാം നിര യാത്രക്കാര്‍ക്ക് ആം റെസ്റ്റുകള്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ തീം, വൃത്താകൃതിയുള്ള എസി വെന്റുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവ പുതു തലമുറ ഫോഴ്‌സ് ഗൂര്‍ഖയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്.

ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടിപിഎംഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് ഫംഗ്ഷന്‍ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.