Top Spec

The Top-Spec Automotive Web Portal in Malayalam

എഐ മികവുമായി എതിരാളികളെ വിറപ്പിക്കാന്‍ എംജി ആസ്റ്റര്‍

പേഴ്‌സണല്‍ എഐ അസിസ്റ്റന്റ്, ലെവല്‍ 2 ഓട്ടോണമസ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു

എംജി ആസ്റ്റര്‍ മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയില്‍ അനാവരണം ചെയ്തു. എംജി സെഡ്എസ് ഇവിയുടെ ഐസിഇ വേര്‍ഷനാണ് അടിസ്ഥാനപരമായി എംജി ആസ്റ്റര്‍. പേഴ്‌സണല്‍ എഐ അസിസ്റ്റന്റ്, ലെവല്‍ 2 ഓട്ടോണമസ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. കൂടാതെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) കൂടി സവിശേഷതയാണ്. പുതിയ മോഡല്‍ ഉല്‍സവ സീസണില്‍ പുറത്തിറക്കിയേക്കും. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റര്‍, മാരുതി സുസുകി എസ് ക്രോസ്, സ്‌കോഡ കുശാക്ക്, വരാനിരിക്കുന്ന ഫോക്സ്‌വാഗണ്‍ ടൈഗുന്‍ എന്നിവയാണ് എതിരാളികള്‍.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കും. പനോരമിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റലായ 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വളയം, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന (പവേര്‍ഡ്) ഡ്രൈവര്‍ സീറ്റ്, മൂന്ന് സ്റ്റിയറിംഗ് മോഡുകള്‍ (നോര്‍മല്‍, അര്‍ബന്‍, ഡൈനാമിക്), ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, മുന്നിലും പിന്നിലും ആം റെസ്റ്റ്, എയര്‍ പ്യൂരിഫയര്‍, ഡാഷ്ബോര്‍ഡില്‍ സില്‍വര്‍ ഇന്‍സര്‍ട്ടുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്. ഡുവല്‍ ടോണ്‍ സാംഗ്രിയ റെഡ്, ഡുവല്‍ ടോണ്‍ ഐക്കോണിക് ഐവറി, ടക്‌സീഡോ ബ്ലാക്ക് എന്നീ മൂന്ന് ഇന്റീരിയര്‍ തീമുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

മുന്നില്‍ പുതിയ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഹാലൊജന്‍ ഫോഗ് ലൈറ്റുകള്‍, മുന്നില്‍ ചുവന്ന ബ്രേക്ക് കാലിപറുകള്‍, 17 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഹീറ്റഡ് ഒആര്‍വിഎമ്മുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റൂഫ് റെയിലുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, പിറകില്‍ വൈപ്പര്‍ ആന്‍ഡ് വാഷര്‍ എന്നിവ എംജി ആസ്റ്റര്‍ എസ്‌യുവിയുടെ പുറത്തെ പ്രധാന സവിശേഷതകളാണ്. ബൂട്ട്‌ലിഡില്‍ ആസ്റ്റര്‍ എന്ന എഴുത്ത്, ഉയര്‍ത്തി സ്ഥാപിച്ച സ്റ്റോപ്പ് ലാംപ് സഹിതം ഇന്റഗ്രേറ്റഡ് സ്പോയ്‌ലര്‍ എന്നിവയും നല്‍കി.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് 108 ബിഎച്ച്പി, 144 എന്‍എം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ 138 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുന്നത്. 6 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ സിവിടി എന്നിവയാണ് 1.5 ലിറ്റര്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. അതേസമയം 1.3 ലിറ്റര്‍ എന്‍ജിന്റെ കൂടെ 6 സ്പീഡ് ഓട്ടോമാറ്റിക് മാത്രമാണ് ലഭിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇഎസ്പി, എച്ച്ഡിസി, ട്രാക്ഷന്‍ കണ്‍ട്രോള്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി കാമറ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.