Top Spec

The Top-Spec Automotive Web Portal in Malayalam

ഫ്രഞ്ചു’കാര്‍’ വീണ്ടും ഇന്ത്യയില്‍

പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി നിര്‍മിക്കുന്ന മോഡലാണ് സിട്രോയെന്‍ സി3

സിട്രോയെന്‍ സി3 ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി നിര്‍മിക്കുന്ന നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയാണ് സിട്രോയെന്‍ സി3. എന്നാല്‍ ‘ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്’ എന്നാണ് പുതിയ മോഡലിന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന വിശേഷണം. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയ്ക്കായി തയ്യാറാക്കിയ സി-ക്യൂബ്ഡ് പ്രോഗ്രാം അടിസ്ഥാനമാക്കി വിപണിയിലെത്തിക്കുന്ന ആദ്യ മോഡലാണ് സി3. മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ സിട്രോയെന്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് സി3. സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയാണ് ആദ്യ മോഡല്‍.

സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ ശ്രദ്ധേയമാണ്. ഡിആര്‍എല്‍, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ എന്നീ ഇരട്ട റോളുകള്‍ നിര്‍വഹിക്കുന്നതാണ് മുകള്‍ ഭാഗം. താഴ്ഭാഗത്ത് പ്രധാന ഹെഡ്‌ലൈറ്റ് സ്ഥാപിച്ചു. മുന്നില്‍ ക്രോം ഫിനിഷ് സഹിതം സവിശേഷ 2 സ്ലാറ്റ് സിട്രോയെന്‍ ഗ്രില്‍ കാണാം. ഷഡ്ഭുജാകൃതിയുള്ള രണ്ടാമത്തെ ഗ്രില്ലിന് മുകളിലാണ് ഈ ഗ്രില്‍ സ്ഥിതി ചെയ്യുന്നത്. റൂഫ് റെയിലുകള്‍, മുന്നിലെ ബംപറിലും ഒആര്‍വിഎമ്മുകളിലും സൈഡ് ക്ലാഡിംഗിലും ഓറഞ്ച് ആക്സന്റുകള്‍, മുന്നിലും പിന്നിലും ബ്രഷ്ഡ് അലുമിനിയം സ്‌കിഡ് പ്ലേറ്റുകള്‍, മുന്നിലും പിന്നിലും ഡുവല്‍ ടോണ്‍ ബംപറുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, എ പില്ലറില്‍ ഘടിപ്പിച്ച ഒആര്‍വിഎമ്മുകള്‍, ചതുരാകൃതിയുള്ള റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

അകത്ത്, ഡുവല്‍ ടോണ്‍ (കറുപ്പ്, ഓറഞ്ച്) ഡാഷ്ബോര്‍ഡ് നല്‍കി. മള്‍ട്ടി ഫംഗ്ഷന്‍ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്റീരിയറില്‍ സില്‍വര്‍ ഇന്‍സര്‍ട്ടുകള്‍, സെന്റര്‍ കണ്‍സോളില്‍ തിരശ്ചീനമായി സ്ഥാപിച്ച എസി വെന്റുകള്‍, ഇരുവശങ്ങളിലും ലംബമായി ഘടിപ്പിച്ച എസി വെന്റുകള്‍ എന്നിവ നല്‍കി.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കാം കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി300, മാരുതി സുസുകി വിറ്റാര ബ്രെസ്സ, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവ എതിരാളികളായിരിക്കും. ഇതോടെ ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ പൊടിപാറുന്ന മല്‍സരം പ്രതീക്ഷിക്കാം.