Top Spec

The Top-Spec Automotive Web Portal in Malayalam

തന്തയ്ക്കു പിറന്നവന്‍!! മഹീന്ദ്ര ഥാര്‍ റോക്സ് വിപണിയില്‍! വില 12.99 ലക്ഷം മുതല്‍

  • 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍
  • രണ്ട് അധിക ഡോറുകള്‍ നല്‍കിയപ്പോള്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റ് സ്ഥാപിച്ചു

ഹീന്ദ്ര ഥാര്‍ റോക്സ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5 ഡോര്‍ ഥാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 12.99 ലക്ഷം മുതലും ഡീസല്‍ വേരിയന്റുകള്‍ക്ക് 13.99 ലക്ഷം രൂപ മുതലുമാണ് എക്‌സ് ഷോറൂം വില (എംഎക്‌സ് വേരിയന്റ്, 2 വീല്‍ ഡ്രൈവ്). ത്രീ ഡോര്‍ ഥാറിന്റെ മികവുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ വേര്‍ഷന്‍ നിര്‍മിച്ചിരിക്കുന്നത്. മികച്ച ഡ്രൈവിംഗ് അനുഭവം, ശക്തവും സുരക്ഷിതവുമായ പെര്‍ഫോമന്‍സ് എന്നിവ നല്‍കുന്ന റോക്‌സ് ആഡംബരപൂര്‍ണമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് അധിക ഡോറുകള്‍ നല്‍കിയപ്പോള്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റ് സ്ഥാപിച്ചു.

മഹീന്ദ്രയുടെ പുത്തന്‍ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്‌സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഫീച്ചറുകളുമാണ് ലഭ്യമാക്കുന്നത്. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഓഫ് റോഡര്‍ ലഭിക്കും. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 160 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കുമാണ്. 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, എംഹോക് ഡീസല്‍ എന്‍ജിന്‍ 150 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ഒന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

പുതിയ ഗ്രില്‍, സി ആകൃതിയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, വൃത്താകൃതിയുള്ള ഫോഗ് ലൈറ്റുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പിന്‍ നിരയില്‍ ഡോര്‍ മൗണ്ടഡ് ഹാന്‍ഡിലുകള്‍ എന്നിവയോടെയാണ് മഹീന്ദ്ര ഥാര്‍ റോക്സ് വരുന്നത്. ബോക്‌സി എസ്‌യുവിയുടെ പിറകില്‍, ചതുരാകൃതിയുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീലും കാണാം.

പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ് ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പൂര്‍ണ ഡിജിറ്റലായ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍, ഡുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ലെവല്‍ 2 അഡാസ്, ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ തുടങ്ങി നിരവധി ഫീച്ചറുകള്‍ ലഭിച്ചു.

ഒക്ടോബര്‍ മൂന്നിന് ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിക്കും. ഈ ദസറയ്ക്ക് മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഡെലിവറി തുടങ്ങും.

മഹീന്ദ്ര ഥാര്‍ റോക്‌സ് റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ വില (ലക്ഷം രൂപ)

Petrol MX1 RWD ………. 12.99
MX3 AT RWD ……………..14.99
Diesel MX1 RWD ………..13.99
MX3 MT RWD ……….. 15.99
AX3L RWD MT ……… 16.99
MX5 RWD MT ……….. 16.99
AX5L AT RWD ……….. 18.99
AX7L MT RWD ………… 18.99