Top Spec

The Top-Spec Automotive Web Portal in Malayalam

ഇവി കേന്ദ്രീകൃത നീക്കങ്ങളുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ

  • സമൂഹത്തില്‍ ഇവി സ്വീകാര്യത വര്‍ധിപ്പിക്കുക, ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഇലക്ട്രിക് വാഹന അവബോധം വളര്‍ത്തുക, മെച്ചപ്പെട്ട സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെ നാല് സംരംഭങ്ങളാണ് എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചത്
  • ഇഹബ്, പ്രോജക്റ്റ് റിവൈവ്, ഇവിപീഡിയ, എംജി-ജിയോ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം എന്നീ സംരംഭങ്ങളാണ് അവതരിപ്പിച്ചത്
  • ന്യൂഡല്‍ഹിയില്‍ നടന്ന DriEV.Bharat പരിപാടിയിലാണ് ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ നടത്തിയത്

ന്യൂഡല്‍ഹി: സമൂഹത്തില്‍ ഇവി സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടേതായ നാല് സംരംഭങ്ങള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന DriEV.Bharat പരിപാടിയിലാണ് കമ്പനി ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇലക്ട്രിക് വാഹന മേഖലയിലെ വിവിധ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചാണ് പുതിയ നീക്കങ്ങള്‍. ദീര്‍ഘകാല സുസ്ഥിരത മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം സുഗമമായ ഇവി ഉടമസ്ഥതാ അനുഭവം സംജാതമാക്കുന്നതിനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. ഇഹബ്, പ്രോജക്റ്റ് റിവൈവ്, ഇവിപീഡിയ, എംജി-ജിയോ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം എന്നീ സംരംഭങ്ങളാണ് അവതരിപ്പിച്ചത്.

എംജിയുടെ ഇഹബ്
എംജിയുടെ ഇഹബ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതിന് ഇവി ചാര്‍ജിംഗ് മേഖലയിലെ നിരവധി മുന്‍നിര കമ്പനികളുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പങ്കാളിത്തം സ്ഥാപിച്ചു. പബ്ലിക് ഇവി ചാര്‍ജിംഗ് സംബന്ധിച്ച വണ്‍-സ്റ്റോപ്പ് സൊലൂഷന്‍ എന്ന നിലയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി ഓരോ ചാര്‍ജിംഗ് ദാതാവിനെയും കണ്ടെത്തുന്നതിന് വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്ന് എംജി മോട്ടോര്‍ പറയുന്നു. അദാനി ടോട്ടല്‍ എനര്‍ജീസ് ലിമിറ്റഡ് (എടിഇഎല്‍), ബിപിസിഎല്‍, ചാര്‍ജ്‌സോണ്‍, ഗ്ലീഡ, എച്ച്പിസിഎല്‍, ജിയോ-ബിപി, ഷെല്‍, സ്റ്റാറ്റിക്, സിയോണ്‍ തുടങ്ങി പ്രമുഖ ദാതാക്കളുമായുള്ള പങ്കാളിത്തങ്ങളിലൂടെ വിപുലമായ ചാര്‍ജിംഗ് ശൃംഖല ഉപയോഗിക്കാനുള്ള അവസരമാണ് എംജി മോട്ടോര്‍ ഒരുക്കുന്നത്. ചാര്‍ജിംഗ് സ്‌റ്റേഷന്‍ കണ്ടെത്തല്‍, റിസര്‍വ് ചെയ്യല്‍, ചാര്‍ജിംഗിനായി പണമടയ്ക്കല്‍ എന്നിവ കാര്യക്ഷമമാക്കുകയാണ് ആപ്പ് വഴി ലക്ഷ്യമിടുന്നത്. 11 ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. ട്രിപ്പ് പ്ലാനര്‍ ആപ്പിലെ സവിശേഷതയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇഹബ് ബൈ എംജി ലഭ്യമാണ്.

പ്രോജക്റ്റ് റിവൈവ്
പ്രോജക്റ്റ് റിവൈവിലൂടെ, ഉപയോഗിച്ച ഇവി ബാറ്ററികള്‍ വികസ്വര സമൂഹങ്ങള്‍ക്കായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളില്‍ വീണ്ടും പ്രയോജനപ്പെടുത്തുന്നതിന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ നിക്ഷേപം നടത്തും. ഈ സംരംഭത്തിന് കീഴില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുള്ള ആരോഗ്യകരമായ ബാറ്ററി ഘടകങ്ങള്‍ സംഭരണ സംവിധാനങ്ങളിലേക്ക് പുനചംക്രമണം ചെയ്യും. വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളില്‍ വിദ്യാലയങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളിലും വെളിച്ചമേകുന്നതിന് അവ ഉപയോഗിക്കാന്‍ കഴിയും. ടെറി, ലോഹം, ബാറ്റ്എക്‌സ് എന്നിവയുമായി സഹകരിച്ച് ഡെറാഡൂണിലെ മുക്തേശ്വര്‍ സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ഇതിനകം ആരംഭിച്ചു.

ഇവിപീഡിയ
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇവിപീഡിയ എന്ന പേരില്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം കമ്പനി അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനു പുറമേ, ഉടമസ്ഥതാ ചെലവ് സംബന്ധിച്ച കാല്‍ക്കുലേറ്ററുകള്‍, സര്‍ക്കാര്‍ നയങ്ങളുടെ ശേഖരം, പ്രസിദ്ധീകരണങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും ശേഖരം തുടങ്ങിയവ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് ഉത്തരങ്ങള്‍ ലഭിക്കുന്നതിന് ‘വീര്‍’ എന്നു പേരായ എഐ ചാറ്റ്‌ബോട്ടുമായി സംവദിക്കാവുന്നതാണ്.

എംജി-ജിയോ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം
വരാനിരിക്കുന്ന എല്ലാ എംജി വാഹനങ്ങള്‍ക്കുമായി എംജി-ജിയോ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിന് ജിയോയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പങ്കാളിത്തം സ്ഥാപിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ആറ് ഭാഷകളില്‍ വോയ്സ് കമാന്‍ഡ് സൗകര്യത്തിനൊപ്പം ഇന്‍-കാര്‍ ഗെയിമിംഗ്, എന്റര്‍ടെയ്ന്‍മെന്റ്, ലേണിംഗ് എന്നിവ അനുവദിക്കുന്ന എംജി സ്റ്റോര്‍ പ്ലാറ്റ്‌ഫോം കൂടി അവതരിപ്പിക്കുന്നു. ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്സ് വഴി ഹോം ടു കാര്‍ കണക്റ്റിവിറ്റിയും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

കൂടാതെ, രാജ്യമെങ്ങും ആയിരം കമ്യൂണിറ്റി ചാര്‍ജറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് എംജി മോട്ടോര്‍. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എംജി വിന്‍ഡ്സര്‍ ഇവി വിപണിയിലെത്തിക്കും.