- എട്ട് എക്സ്റ്റീരിയര്‍, നാല് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഫ്ളാഗ്ഷിപ്പ് എസ്യുവി ലഭിക്കും
- വെബ്സൈറ്റിലൂടെയും സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെയും അഞ്ച് ലക്ഷം രൂപ നല്കി ബുക്കിംഗ് നടത്താം
- 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 3.0 ലിറ്റര്‍ ടിഎഫ്എസ്ഐ എന്ജിന് കരുത്തേകും
മുംബൈ: ഫേസ്ലിഫ്റ്റ് ചെയ്ത ഔഡി ക്യു8 ഫ്ളാഗ്ഷിപ്പ് എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെയും സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെയും അഞ്ച് ലക്ഷം രൂപ ടോക്കണ്‍ തുക നല്കി പുതിയ ക്യു8 ബുക്ക് ചെയ്യാം.
സഖീര്‍ ഗോള്‍ഡ്, വെയ്റ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്, സാറ്റലൈറ്റ് സില്‍വര്‍, ടാമറിന്‍ഡ് ബ്രൗണ്‍, വിക്യുന ബേഷ് എന്നീ എട്ട് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ പുതിയ ഔഡി ക്യു8 ലഭിക്കും. അതേസമയം, ഓകാപി ബ്രൗണ്‍, സൈഗ ബേഷ്, ബ്ലാക്ക്, പാണ്ടോ ഗ്രേ എന്നീ നാല് ഇന്റീരിയര്‍ തീമുകള്‍ തിരഞ്ഞെടുക്കാം.
മെക്കാനിക്കല്‍ കാര്യങ്ങളില്‍, 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 3.0 ലിറ്റര്‍ ടിഎഫ്എസ്ഐ എന്ജിന് കരുത്തേകും. ഈ മോട്ടോര്‍ 340 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു.
ആഡംബരവും പുതുമയും വിലമതിക്കുന്ന തങ്ങളുടെ ഉപയോക്താക്കളുമായി ഔഡി ക്യു8 എല്ലായ്പ്പോഴും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായി ഉറച്ചുനില്‍ക്കുകയും പ്രീമിയം എസ്യുവി സെഗ്മെന്റില്‍ ഔഡി ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ബോള്‍ഡ് ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സമാനതകളില്ലാത്ത പെര്‍ഫോമന്‍സ് എന്നിവയാല്‍, ഏറ്റവും മികച്ചത് മാത്രം ആവശ്യപ്പെടുന്ന തങ്ങളുടെ ഉപയോക്താക്കളുമായി പുതിയ ഔഡി ക്യു8 ശക്തമായി പ്രതിധ്വനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.