Top Spec

The Top-Spec Automotive Web Portal in Malayalam

ഡാര്‍ക്കില്‍ തിളങ്ങി ടാറ്റ നെക്‌സോണ്‍ ഇവി

  • ഹാരിയര്‍, സഫാരി, നെക്സോണ്‍ എന്നിവയ്ക്കു പിന്നാലെ ടാറ്റയുടെ എസ്‌യുവി ലൈനപ്പിലെ നെക്സോണ്‍ ഇവിയുടെയും ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍
  • എക്സ് ഷോറൂം വില 19.49 ലക്ഷം രൂപ
  • എംപവേര്‍ഡ് + ലോംഗ് റേഞ്ച് വേരിയന്റില്‍ മാത്രം ലഭിക്കും
  • സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ സഹിതം 40.5 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കില്‍ മാത്രമേ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ ലഭിക്കൂ

ഹാരിയര്‍, സഫാരി, നെക്സോണ്‍ എന്നിവയ്ക്കു പിന്നാലെ ടാറ്റയുടെ എസ്‌യുവി ലൈനപ്പിലെ നെക്സോണ്‍ ഇവിയുടെയും ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഓള്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിച്ച ഇലക്ട്രിക് എസ്‌യുവിയുടെ എക്സ് ഷോറൂം വില 19.49 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേഡ് കളര്‍ ഓപ്ഷനുകളേക്കാള്‍ 20,000 രൂപ കൂടുതല്‍. എംപവേര്‍ഡ് + ലോംഗ് റേഞ്ച് എന്ന ടോപ് സ്‌പെക് വേരിയന്റില്‍ മാത്രമായിരിക്കും നെക്സോണ്‍ ഇവി ഡാര്‍ക്ക് ലഭിക്കുന്നത്. കൊച്ചി ചേരാനല്ലൂരിലെ ലക്‌സോണ്‍ മോട്ടോഴ്‌സ് ഷോറൂമിലായിരുന്നു വോക്എറൗണ്ട്.

കറുപ്പഴകില്‍ എത്തുമ്പോഴും, ഇലക്ട്രിക് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പന മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ബംപറുകള്‍, ഒആര്‍വിഎമ്മുകള്‍, അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള എക്‌സ്റ്റീരിയറില്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചു. മുന്നില്‍ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, കറുത്ത സ്‌കിഡ് പ്ലേറ്റ് എന്നിവ നല്‍കി. കൂടാതെ, ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് (ഡിആര്‍എല്‍) നെക്‌സോണ്‍ ഇവിയിലേതുപോലെ വെല്‍ക്കം, ഗുഡ്ബൈ ഫംഗ്ഷനുകള്‍ ലഭിച്ചു.

പ്രൊഫൈല്‍ പരിശോധിച്ചാല്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകളോടെയാണ് നെക്‌സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ വരുന്നത്. സ്റ്റാന്‍ഡേഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാണ് 5 സ്പോക്ക് ഡിസൈന്‍. മുന്നിലെ ഫെന്‍ഡറുകളില്‍ ‘ഡാര്‍ക്ക്’ ബാഡ്ജ് കാണാം. കൂടാതെ, ഒആര്‍വിഎം ഹൗസിംഗുകള്‍ കറുപ്പ് നിറത്തിലാണ്. പിറകിലേക്ക് പോയാല്‍, കറുത്ത ബംപര്‍, കറുത്ത സ്‌കിഡ് പ്ലേറ്റ് എന്നിവ നല്‍കി. എന്നാല്‍, കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ടെയില്‍ഗേറ്റിലെ ‘നെക്സോണ്‍ ഇവി’ ബാഡ്ജ് ക്രോമില്‍ തീര്‍ത്തു.

ക്യാബിനിലും ഓള്‍ ബ്ലാക്ക് തീം കാണാം. ഡാഷ്ബോര്‍ഡ്, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ഉള്‍പ്പെടെ ഇന്റീരിയര്‍ മുഴുവനായും കറുപ്പ് നിറത്തിലാണ്. സീറ്റുകളില്‍ ‘നീല’ തുന്നലുകള്‍, എസി വെന്റുകളിലും ക്ലൈമറ്റ് കണ്‍ട്രോളുകളിലും സില്‍വര്‍ ഇന്‍സെര്‍ട്ടുകള്‍, സ്റ്റിയറിംഗ് വളയത്തില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ എന്നിവ മറ്റ് ഹൈലൈറ്റുകളാണ്.

ഫീച്ചറുകളുടെ കാര്യത്തില്‍, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ സഹിതം 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, സണ്‍റൂഫ്, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സഹിതം കീലെസ് എന്‍ട്രി, ഒമ്പത് സ്പീക്കറുകളോടെ ജെബിഎല്‍ സൗണ്ട് സിസ്റ്റം, വെഹിക്കിള്‍-ടു-ലോഡ് (വി2എല്‍), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (വി2വി) ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവ ലഭിച്ചു.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), 360 ഡിഗ്രി ക്യാമറ സിസ്റ്റം, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ സഹിതം 40.5 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കില്‍ മാത്രമേ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ ലഭിക്കൂ. 145 പിഎസ് കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 465 കിമീ സഞ്ചരിക്കാം. ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാണ്. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ 10-80 വരെ ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും.