- ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ്
- മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 34 ല്‍ 28.18 പോയന്റും കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ 49 ല്‍ 42 പോയന്റും നേടി
- ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന് മൂന്ന് മോഡലുകള്‍ അയയ്ക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി ഹ്യുണ്ടായ് വെര്‍ണ. ആറ് എയര്‍ബാഗുകള്‍, സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍ ആന്‍ഡ് ലോഡ് ലിമിറ്റര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), പിന്‍ നിരയില്‍ ഐസോഫിക്‌സ് എന്നിവ നല്‍കിയ കാറാണ് ഇടി പരിശോധന നേരിട്ടത്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 34 ല്‍ 28.18 പോയന്റും കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ 49 ല്‍ 42 പോയന്റും നേടാന്‍ സെഡാന് കഴിഞ്ഞു. അതേസമയം, വാഹനത്തിന്റെ ബോഡിഷെല്ലും ഫുട്‌വെല്‍ ഏരിയയും ദൃഢമല്ലെന്നും കൂടുതല്‍ ഭാരം കയറ്റുന്നതിന് കഴിയില്ലെന്നും ഗ്ലോബല്‍ എന്‍ക്യാപ് വ്യക്തമാക്കി.
നിലവില്‍, രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ) എന്നീ നാല് വേരിയന്റുകളില്‍ ഹ്യുണ്ടായ് വെര്‍ണ ലഭ്യമാണ്. 10,96,500 രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 17,37,900 രൂപ വില വരും. ഏഴ് മോണോടോണ്‍, രണ്ട് ഡുവല്‍ ടോണ്‍ എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.5 ലിറ്റര്‍ ടര്‍ബോ എന്നീ രണ്ട് ഗ്യാസോലിന്‍ എന്‍ജിനുകളിലാണ് ഹ്യുണ്ടായ് വെര്‍ണ ലഭിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ടര്‍ബോ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 158 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാനുവല്‍, സിവിടി എന്നിവയാണ് ആദ്യത്തെ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെങ്കില്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി എന്നിവ രണ്ടാമത്തെ എന്‍ജിന്റെ ഓപ്ഷനുകളാണ്.
ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന് മൂന്ന് മോഡലുകള്‍ അയയ്ക്കുമെന്ന് ഇതോടൊപ്പം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു.