Top Spec

The Top-Spec Automotive Web Portal in Malayalam

ട്രാന്‍സ്അനറ്റോലിയ റാലിയില്‍ വിജയിച്ച് ഹാരിത് നോവ

  • ബി1 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതു കൂടാതെ ഏറെ ദുഷ്‌കരമായ റാലി പൂര്‍ത്തിയാക്കുകയും ഓവറോള്‍ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു
  • തുര്‍ക്കി നഗരമായ സാംസണില്‍ നിന്ന് ആരംഭിച്ച റാലി റെയ്ഡ് ഏഴ് ദിവസത്തിനു ശേഷം മറ്റൊരു നഗരമായ ഇസ്മീറില്‍ സമാപിച്ചു
  • ഹാരിത് നോവ ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര റാലി റെയ്ഡ് വിജയിക്കുന്നത്

തുര്‍ക്കിയില്‍ നടന്ന ട്രാന്‍സ്അനറ്റോലിയ റാലി റെയ്ഡിന്റെ ബി1 വിഭാഗത്തില്‍ ഇന്ത്യയുടെ ഹാരിത് നോവയ്ക്ക് ജയം. ബി1 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതു കൂടാതെ ഏറെ ദുഷ്‌കരമായ റാലി പൂര്‍ത്തിയാക്കുകയും ഓവറോള്‍ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ട്രാന്‍സ്അനറ്റോലിയ റാലി റെയ്ഡ്. പെട്രോണാസ് ടിവിഎസ് ഫാക്ടറി റേസിംഗ് ടീമിന്റെ ഡാക്കര്‍ റൈഡറാണ് ഹാരിത്. 2024 ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പ് കൂടിയായിരുന്നു ഹാരിത്തിന് ട്രാന്‍സ്അനറ്റോലിയ റാലി. വീണ്ടും പോഡിയത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് റെഡ്ബുള്‍ അത്‌ലറ്റ് പ്രതികരിച്ചു. ഹാരിത് നോവ ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര റാലി റെയ്ഡ് വിജയിക്കുന്നത്. അഞ്ച് തവണ ഇന്ത്യന്‍ സൂപ്പര്‍ക്രോസ് വിജയിച്ച ഹാരിത്, ഷൊര്‍ണൂര്‍ കണയം സ്വദേശിയാണ്.

450 സിസി സിംഗിള്‍ സിലിണ്ടര്‍ ബൈക്കുകള്‍ക്കുള്ള ബി1 വിഭാഗത്തില്‍ തന്റെ ഷെര്‍ക്കോ ടിവിഎസ് 450ആര്‍ടിആര്‍ മോട്ടോര്‍സൈക്കിളിലാണ് ഹാരിത് നോവ മല്‍സരിച്ചത്. തുര്‍ക്കി നഗരമായ സാംസണില്‍ നിന്ന് റേസ് ആരംഭിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന ദുഷ്‌കരമായ റാലി റെയ്ഡ് മറ്റൊരു നഗരമായ ഇസ്മീറില്‍ സമാപിച്ചപ്പോള്‍ ഓവറോള്‍ നാലാമതായി ഫിനിഷ് ചെയ്തു. 17 മണിക്കൂറും 09 മിനിറ്റും 55 സെക്കന്‍ഡുമാണ് ആകെ എടുത്ത സമയം. നാവിഗേഷനോടു കൂടിയ റാലി റെയ്ഡാണ് ട്രാന്‍സ്അനറ്റോലിയ റേസ്. കൈത്തണ്ടയിലെ ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയതിനാല്‍ ഫിനിഷ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഹാരിത് നോവ വ്യക്തമാക്കി. പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം ലഭിച്ച ഈ ബൈക്ക് ആദ്യമായാണ് ഹാരിത് ഓടിക്കുന്നത്.

ഇതിനകം നാല് ഡാക്കര്‍ റാലികളില്‍ മല്‍സരിച്ച താരമാണ് ഹാരിത് നോവ. 2021 ല്‍ രണ്ടാം തവണ പങ്കെടുത്തപ്പോള്‍ ആദ്യ ഇരുപതില്‍ ഫിനിഷ് ചെയ്യുകയും ഡാക്കര്‍ റാലിയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു. 2024 ജനുവരി 5 മുതല്‍ 19 വരെയാണ് അതിസാഹസികത നിറഞ്ഞ ഡാക്കര്‍ റാലി നിശ്ചയിച്ചിരിക്കുന്നത്. 2020 മുതല്‍ സൗദി അറേബ്യയിലാണ് റാലി സംഘടിപ്പിക്കുന്നത്.