Top Spec

The Top-Spec Automotive Web Portal in Malayalam

മോട്ടോജിപി: കാറ്റലൂന്യ ജിപിയില്‍ എസ്പര്‍ഗാരോയുടെ വെന്നിക്കൊടി

  • മാവെറിക് വിന്യാലിസ് രണ്ടാമതും ഹോര്‍ഹെ മാര്‍ട്ടിന്‍ മൂന്നാമതും ഫിനിഷ് ചെയ്തു
  • പോഡിയത്തില്‍ കയറി നിന്ന മൂവരും സ്പാനിഷ് റേസര്‍മാര്‍
  • സ്പ്രിന്റ് മല്‍സരത്തിലെയും ജേതാവ് എസ്പര്‍ഗാരോ ആയിരുന്നു. ഇതോടെ സ്വന്തം മണ്ണില്‍ സ്പാനിഷ് റേസര്‍ക്കിത് ഇരട്ടി മധുരം
  • ഏവരെയും ഞെട്ടിച്ച ക്രാഷില്‍ ഫ്രാന്‍സെസ്‌കോ ബന്യായയ്ക്ക് പരിക്കേറ്റത് വേദനാജനകമായി. ആംബുലന്‍സില്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ പിന്നീട് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാറ്റലൂന്യ മോട്ടോജിപിയില്‍ അപ്രീലിയ റേസിംഗ് ടീമിന്റെ അലക്സ് എസ്പര്‍ഗാരോ വെന്നിക്കൊടി പാറിച്ചു. എസ്പര്‍ഗാരോയുടെ ടീമംഗമായ മാവെറിക് വിന്യാലിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രമാക് റേസിംഗ് ടീമിന്റെ ഹോര്‍ഹെ മാര്‍ട്ടിനാണ് മൂന്നാം സ്ഥാനം. ഇതോടെ സ്‌പെയിനിലെ 2023 കാറ്റലൂന്യ മോട്ടോജിപിയില്‍ പോഡിയത്തില്‍ കയറി നിന്ന മൂവരും സ്പാനിഷ് റേസര്‍മാരായി. ശനിയാഴ്ച്ച നടന്ന സ്പ്രിന്റ് മല്‍സരത്തിലെയും ജേതാവ് എസ്പര്‍ഗാരോ ആയിരുന്നു. ഞായറാഴ്ച്ച വിജയം ആവര്‍ത്തിച്ചതോടെ സ്വന്തം മണ്ണില്‍ സ്പാനിഷ് റേസര്‍ക്കിത് ഇരട്ടി മധുരമായി. സീസണിലെ പതിനൊന്നാം റൗണ്ട് മല്‍സരമാണ് ബാഴ്‌സലോണയിലെ മോണ്ട്‌മെലോ സര്‍ക്യൂട്ടില്‍ നടന്നത്.

ഏവരെയും ഞെട്ടിച്ച ക്രാഷിനെ തുടര്‍ന്ന് നിലവിലെ ലോക ചാമ്പ്യന്‍ ഫ്രാന്‍സെസ്‌കോ ബന്യായയ്ക്ക് പരിക്കേറ്റത് വേദനാജനകമായി. പോള്‍ പൊസിഷനില്‍ നിന്നാണ് ഡുകാറ്റിയുടെ ഇറ്റാലിയന്‍ റേസര്‍ തുടങ്ങിയത്. മല്‍സരം ആരംഭിച്ചയുടന്‍ ഒന്നാം വളവില്‍ നിരവധി ബൈക്കുകള്‍ കൂട്ടിയിടിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അടുത്ത കോര്‍ണറില്‍ ഡുകാറ്റി താരത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു. പിറകെ വരുന്ന ബൈക്കുകള്‍ക്ക് മുന്നിലായി വായുവില്‍ ഉയര്‍ന്നു പൊങ്ങി താഴെ വീണ ബന്യായയുടെ കാലിന് മുകളിലൂടെ കെടിഎം റേസര്‍ ബ്രാഡ് ബിന്‍ഡറിന്റെ ബൈക്ക് കയറിപ്പോയി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ആംബുലന്‍സില്‍ ആദ്യം ട്രാക്കിന് സമീപത്തെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2023 റൈഡര്‍ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവില്‍ ഏറ്റവും മുന്നില്‍ ഫ്രാന്‍സെസ്‌കോ ബന്യായ ആണ്.

റെഡ് ഫ്‌ളാഗിനെ തുടര്‍ന്ന് റേസ് വീണ്ടും ആരംഭിച്ചപ്പോള്‍ ആദ്യം നിശ്ചയിച്ച 24 ലാപ്പുകളില്‍ നിന്ന് 23 ലാപ്പുകളായി വെട്ടിക്കുറച്ചു. ഹോര്‍ഹെ മാര്‍ട്ടിന്‍, അലക്സ് എസ്പര്‍ഗാരോ എന്നിവരുടെ മുന്നിലായി വിന്യാലിസ് ആദ്യം കുതിച്ചു. ഉടന്‍ തന്നെ എസ്പര്‍ഗാരോ രണ്ടാമതെത്തി. ഇതിനിടെ ടയര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ബ്രാഡ് ബിന്‍ഡറിന് പുറത്ത് പോകേണ്ടിവന്നു. മെഡിക്കല്‍ സെന്ററില്‍ പോയി ബന്യായയുടെ ആരോഗ്യസ്ഥിതി തിരക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം ആദ്യം ചെയ്തത്. റേസ് പാതി പിന്നിട്ടപ്പോള്‍ വിന്യാലിസും എസ്പര്‍ഗാരോയും തമ്മിലായിരുന്നു മല്‍സരം. ഇതിനിടെ ആര്‍എന്‍എഫ് ടീമിന്റെ പോര്‍ച്ചുഗീസ് റേസര്‍ മിഗ്വല്‍ ഒലിവേരയെ പിന്തള്ളി മാര്‍ട്ടിന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. നാല് ലാപ്പുകള്‍ ശേഷിക്കേ എസ്പര്‍ഗാരോ തന്റെ കാറ്റലൂന്യ സഹതാരത്തെ മറികടന്നു.

അടുത്തതായി സെപ്റ്റംബര്‍ പത്തിന് സാന്‍ മറിനോ ഗ്രാന്‍ പ്രിയാണ്. ഇതാദ്യമായി ഇന്ത്യയിലെത്തുന്ന മോട്ടോജിപി, സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും.