Top Spec

The Top-Spec Automotive Web Portal in Malayalam

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പയറ്റിത്തെളിയാന്‍ ഹോണ്ട എലവേറ്റ്

  • എക്‌സ് ഷോറൂം വില 11 ലക്ഷം രൂപ മുതല്‍; നാല് വേരിയന്റുകളില്‍ ലഭിക്കും
  • സഹോദരനായ ഹോണ്ട സിറ്റി സെഡാന്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും

റെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട എലവേറ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 6 ന് 5 സീറ്റര്‍ എസ്‌യുവി അനാവരണം ചെയ്യുകയും ജൂലൈ 3 ന് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു. എസ്‌വി, വി, വിഎക്സ്, ഇസഡ്എക്സ് എന്നീ നാല് വേരിയന്റുകളില്‍ ഹോണ്ട എലവേറ്റ് ലഭിക്കും.

കാറിനകത്ത്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, ഒറ്റ ചില്ലോടു കൂടിയ സണ്‍റൂഫ് തുടങ്ങിയവ ഫീച്ചറുകളാണ്. കൂടാതെ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹോണ്ട കണക്റ്റ്, ഹോണ്ട സെന്‍സിംഗ് അഡാസ് എന്നിവയും ലഭിച്ചു.

സഹോദരനായ ഹോണ്ട സിറ്റി സെഡാന്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലവേറ്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. യഥാക്രമം 15.31 കിമീ, 16.92 കിമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, എംജി ആസ്റ്റര്‍, ഫോക്സ്‌വാഗണ്‍ ടൈഗുണ്‍, സ്‌കോഡ കുശാക്ക് എന്നിവയാണ് ഹോണ്ട എലവേറ്റിന്റെ എതിരാളികള്‍.

ഹോണ്ട എലവേറ്റ്
വേരിയന്റ് ……….. വില

എസ്‌വി എംടി …………. 10,99,900 രൂപ
വി എംടി …………… 12,10,900 രൂപ
വി സിവിടി ……… 13,20,900 രൂപ
വിഎക്‌സ് എംടി …….. 13,49,900 രൂപ
വിഎക്‌സ് സിവിടി ……… 14,59,900 രൂപ
സെഡ്എക്‌സ് എംടി ………. 14,89,900 രൂപ
സെഡ്എക്‌സ് സിവിടി ……. 15,99,900 രൂപ