Top Spec

The Top-Spec Automotive Web Portal in Malayalam

തിരിച്ചുവരവ് പ്രഖ്യാപിച്ച് ബിഎസ്എ; ആദ്യ ബൈക്ക് ഡിസംബര്‍ നാലിന്

മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ ക്ലാസിക് ലെജന്‍ഡ്സ് മറ്റൊരു ഐതിഹാസിക ബ്രാന്‍ഡിന് പുനര്‍ജന്‍മം നല്‍കുകയാണ്

ബിഎസ്എ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് മറ്റൊരു ഐതിഹാസിക ബ്രാന്‍ഡിന് പുനര്‍ജന്‍മം നല്‍കാന്‍ ഒരുങ്ങുകയാണ്. ബിഎസ്എയുടെ (ബിര്‍മിങ്ഹാം സ്‌മോള്‍ ആംസ്) രണ്ടാം വരവിലെ ആദ്യ ബൈക്ക് ഡിസംബര്‍ നാലിന് യുകെയില്‍ അവതരിപ്പിക്കും.

കമ്പനിയുടെ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ‘ഒരു ഇതിഹാസത്തിന്റെ തിരിച്ചുവരവ്, ഞങ്ങള്‍ പരിണമിച്ചു, പക്ഷേ ഞങ്ങളുടെ ഡിഎന്‍എ മാറ്റമില്ലാതെ തുടരുന്നു’ എന്ന് പറയുന്ന ടീസര്‍ കൂടി ഇതോടൊപ്പം പുറത്തുവിട്ടു. ബിഎസ്എയുടെ പഴയ ക്ലാസിക് സ്‌റ്റൈലിംഗ് നിലനിര്‍ത്തി ആധുനിക ഫീച്ചറുകളോടെ പുതിയ മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുകയാണെന്ന് ഈ ടീസറില്‍ നിന്ന് മനസിലാക്കാം.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് മോട്ടോര്‍സൈക്കിളിന്റെ ആദ്യഘട്ട പ്രോട്ടോടൈപ്പ് പുണെയ്ക്കു സമീപം പരീക്ഷിച്ചിരുന്നു. പൂര്‍ണമായും വേഷപ്രച്ഛന്നനായ ഈ മോട്ടോര്‍സൈക്കിളില്‍ വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കാണാന്‍ കഴിഞ്ഞു. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, എബിഎസ് സഹിതം ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്, സ്പോക്ക് വീലുകള്‍ തുടങ്ങി മറ്റ് സൈക്കിള്‍ പാര്‍ട്ടുകളും കാണുകയുണ്ടായി. ഡിസംബര്‍ നാലിന് ഇതേ ബൈക്കിന്റെ ഉല്‍പ്പാദന പതിപ്പ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഉടന്‍ വരുമെന്ന് കരുതുന്നില്ല.