Top Spec

The Top-Spec Automotive Web Portal in Malayalam

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ ഒന്നാമന്‍ ഹീറോ ഇലക്ട്രിക്

ഈ നേട്ടം ആഘോഷിക്കുന്നതിന് ‘ഇന്ത്യയുടെ നമ്പര്‍ 1 ഇവി’ കാംപെയ്ന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന സെഗ്മെന്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹീറോ ഇലക്ട്രിക്. ഏറ്റവും പുതിയ ജെഎംകെ ഗവേഷണമനുസരിച്ച് ഇന്ത്യന്‍ ഇവി വിപണിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന ബ്രാന്‍ഡാണ് ഹീറോ ഇലക്ട്രിക്. രാജ്യത്ത് പതിനാല് വര്‍ഷത്തെ സാന്നിധ്യവും നാല് ലക്ഷത്തിലധികം ഉപയോക്താക്കളും 700 ലധികം ഡീലര്‍ഷിപ്പുകളും വിപുലമായ ഉല്‍പ്പന്ന ശ്രേണിയുമായി ജൈത്രയാത്ര തുടരുകയാണ് ഹീറോ ഇലക്ട്രിക്.

ഈ നേട്ടം ആഘോഷിക്കുന്നതിന് ‘ഇന്ത്യയുടെ നമ്പര്‍ 1 ഇവി’ എന്ന പുതിയ കാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന കമ്പനി. ഇരുചക്രവാഹന മേഖലയെ വൈദ്യുതീകരിക്കുന്നതിനും സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡര്‍ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങള്‍ അറിയിക്കാനാണ് പുതിയ കാംപെയ്നിലൂടെ ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതായും രാജ്യത്തെ ഏറ്റവും വലിയ ഇവി ബ്രാന്‍ഡായി തുടരാന്‍ സഹായിച്ച ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ മുഞ്ജാല്‍ പ്രസ്താവിച്ചു. ഉപയോക്താവിനും സമൂഹത്തിനും പരിസ്ഥിതിക്കും പ്രയോജനം ചെയ്യുന്ന തരത്തില്‍ നീതിപൂര്‍വകമായ രീതിയില്‍ ബിസിനസ് നടത്തുന്നതിന് നിരവധി ഉത്തരവാദിത്തങ്ങളോടെയാണ് ഈ ഒന്നാം സ്ഥാനം സ്വീകരിക്കുന്നതെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. ജീവിക്കാനും ശ്വസിക്കാനുമുള്ള മികച്ച സ്ഥലമായി നമ്മുടെ ഭൂമിയെ മാറ്റുന്നതില്‍ പ്രധാന പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.