Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ഔഡി ക്യു5; ആഹാ അന്തസ്സ്

പ്രീമിയം പ്ലസ് വേരിയന്റിന് 58.93 ലക്ഷം രൂപയും ടെക്‌നോളജി വേരിയന്റിന് 63.77 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില

ഔഡി ക്യു5 ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ് വേരിയന്റിന് 58.93 ലക്ഷം രൂപയും ടെക്‌നോളജി വേരിയന്റിന് 63.77 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അപ്ഡേറ്റ് ചെയ്ത മോഡലിന്റെ ബുക്കിംഗ് കഴിഞ്ഞ മാസം സ്വീകരിച്ചുതുടങ്ങിയിരുന്നു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പരിഷ്‌കരിച്ച ഔഡി ക്യു5 ആഗോളതലത്തില്‍ അനാവരണം ചെയ്തത്.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മുന്നിലും പിന്നിലും പുതുക്കിപ്പണിത ബംപര്‍, മാറ്റം വരുത്തിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയോടെയാണ് 2021 ഔഡി ക്യു5 വരുന്നത്.

എട്ട് എയര്‍ബാഗുകള്‍, ഔഡി വര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ് (പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍), ഔഡി പാര്‍ക്ക് അസിസ്റ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.1 ഇഞ്ച് എംഎംഐ പ്ലസ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ക്രൂസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, മുന്‍ നിരയില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, പുതിയ സ്റ്റിയറിംഗ് വളയം, ഇലക്ട്രോണിക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ല്‍ഗേറ്റ് എന്നിവ പരിഷ്‌കരിച്ച ഔഡി ക്യു5 എസ്‌യുവിയുടെ ഫീച്ചറുകളാണ്.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പുതിയ ഔഡി ക്യു5 സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ക്വാട്രോ എന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത് 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇന്ത്യയില്‍ ബിഎംഡബ്ല്യു എക്‌സ്3, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നിവയാണ് എതിരാളികള്‍.