Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ ഒല ടെസ്റ്റ് റൈഡ് ക്യാമ്പ്

എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെ നീണ്ടുനില്‍ക്കും

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലും സംഘടിപ്പിക്കും.

ആദ്യ ഘട്ടത്തില്‍ ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ക്കാണ് ഒല എസ്1, ഒല എസ്1 പ്രോ സ്‌കൂട്ടറുകള്‍ ടെസ്റ്റ് റൈഡ് ചെയ്യുന്നതിന് അവസരം ലഭിക്കുന്നത്. 20,000 രൂപ അല്ലെങ്കില്‍ മുഴുവന്‍ തുക അടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് മുന്‍ഗണന. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവെയ്ക്കുന്നതിന് ഉപയോക്താക്കളെ ക്ഷണിക്കുകയാണ് ഒല ഇലക്ട്രിക്. കൊച്ചിയില്‍ എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെ നീണ്ടുനില്‍ക്കും.

മികച്ച രൂപകല്‍പ്പന, സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ് എന്നിവയാല്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയതാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ആകര്‍ഷകമായ അഞ്ച് നിറങ്ങളില്‍ ഒല എസ്1, പത്ത് നിറങ്ങളില്‍ ഒല എസ്1 പ്രോ ലഭിക്കും. യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് ഫെയിം സബ്‌സിഡി, ജിഎസ്ടി എന്നിവ ഉള്‍പ്പെടെ എക്‌സ് ഷോറൂം വില. എന്നാല്‍ സംസ്ഥാന സബ്‌സിഡിയും മറ്റ് ചാര്‍ജുകളും ഈ വിലയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലോകത്തെ ഏറ്റവും വലുതും ആധുനികവുമായ ഇരുചക്രവാഹന ഫാക്ടറിയായ ഒല ഫ്യൂച്ചര്‍ഫാക്ടറിയിലാണ് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.