Top Spec

The Top-Spec Automotive Web Portal in Malayalam

കടുവാ ദിനത്തില്‍ ബെനെല്ലിയുടെ ഗര്‍ജനം

ബെനെല്ലി 502സി ക്രൂസര്‍ അവതരിപ്പിച്ചു. എക്‌സ് ഷോറൂം വില 4.98 ലക്ഷം രൂപ

ബെനെല്ലി 502സി ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.98 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പവര്‍ ക്രൂസര്‍ എന്ന വിശേഷണത്തോടെയാണ് ബെനെല്ലി 502സി വിപണിയിലെത്തുന്നത്. പ്രീ ബുക്കിംഗ് ആരംഭിച്ചതായി ബെനെല്ലി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രാജ്യമെങ്ങുമുള്ള ബെനെല്ലി ഡീലര്‍ഷിപ്പുകളില്‍ 10,000 രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് ബെനെല്ലി ഇന്ത്യ വ്യക്തമാക്കി. സ്വന്തം കുടുംബത്തിലെ ബെനെല്ലി ലിയോണ്‍ചിനോ 500 ഒഴികെ നിലവില്‍ ഇന്ത്യയില്‍ മറ്റൊരു അനുയോജ്യനായ എതിരാളിയില്ല.

ഡുകാറ്റി ഡിയാവെലിനെ ഓര്‍മപ്പെടുത്തുന്നതാണ് ബെനെല്ലി 502സി മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍. നീളം കുറഞ്ഞതും വണ്ണമുള്ളതുമായ സീറ്റ്, പുറമേ കാണുന്നവിധം ട്രെല്ലിസ് ഫ്രെയിം, മുന്നില്‍ പെറ്റല്‍ ഡിസ്‌ക്കുകള്‍, നീളമേറിയ ഇന്ധന ടാങ്ക്, എല്‍ഇഡി ഹെഡ്‌ലൈറ്റിന്റെ ആകൃതി എന്നിവയെല്ലാം ഡുകാറ്റി ഡിയാവെല്‍ മോട്ടോര്‍സൈക്കിളുമായി സാമ്യമുള്ളതാണ്. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രമീകരിക്കാവുന്ന ക്ലച്ച് ലിവര്‍, ഡുവല്‍ ബാരല്‍ എക്സോസ്റ്റ്, സുഖപ്രദമായ റൈഡിംഗ് പൊസിഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ബെനെല്ലി ലിയോണ്‍ചിനോ 500, ബെനെല്ലി ടിആര്‍കെ 502 എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 500 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 46.8 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു.

മുന്നില്‍ 130 എംഎം ട്രാവല്‍ ചെയ്യുന്ന 41 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ 50 എംഎം ട്രാവല്‍ ചെയ്യുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും 17 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകള്‍ നല്‍കി. മുന്‍ ചക്രത്തില്‍ 280 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. എബിഎസ് സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. പിറെല്ലി ഏഞ്ചല്‍ ജിടി ടയറുകള്‍ ഉപയോഗിക്കുന്നു. സ്റ്റീല്‍ ട്യൂബ് ട്രെല്ലിസ് ഫ്രെയിമിലാണ് ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. 750 എംഎം മാത്രമാണ് സീറ്റിന്റെ ഉയരം. ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്റര്‍. വീല്‍ബേസിന് നീളം കൂടും. 1,600 മില്ലിമീറ്ററാണ്. ഇന്ധന ടാങ്കിന്റെ ശേഷി 21.5 ലിറ്ററാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ തവണ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയും.