Top Spec

The Top-Spec Automotive Web Portal in Malayalam

ആരെടാ… ഞാനെടാ മള്‍ട്ടിസ്ട്രാഡ വി4

സ്റ്റാന്‍ഡേഡ് വി4 മോഡലിന് 19 ലക്ഷം രൂപയാണ് വില. രണ്ട് കളര്‍ ഓപ്ഷനുകളില്‍ വി4 എസ് എന്ന ടോപ് സ്പെക് വേരിയന്റ് ലഭിക്കും. ഡുകാറ്റി റെഡ് നിറത്തിന് 23.10 ലക്ഷം രൂപയും ഏവിയേറ്റര്‍ ഗ്രേ നിറത്തിന് 23.30 ലക്ഷം രൂപയുമാണ് വില

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് വി4 മോഡലിന് 19 ലക്ഷം രൂപയാണ് വില. രണ്ട് കളര്‍ ഓപ്ഷനുകളില്‍ വി4 എസ് എന്ന ടോപ് സ്പെക് വേരിയന്റ് ലഭിക്കും. ഡുകാറ്റി റെഡ് നിറത്തിന് 23.10 ലക്ഷം രൂപയും ഏവിയേറ്റര്‍ ഗ്രേ നിറത്തിന് 23.30 ലക്ഷം രൂപയുമാണ് വില. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില.

ഡുകാറ്റിയുടെ 1158 സിസി, ‘വി4 ഗ്രാന്‍ടുറിസ്‌മോ’ എന്‍ജിനാണ് മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഡുകാറ്റിയുടെ ഡെസ്‌മോഡ്രോമിക് വാല്‍വുകള്‍ ഒഴിവാക്കി പകരം സ്പ്രിംഗ് വാല്‍വ് റിട്ടേണ്‍ സിസ്റ്റം നല്‍കിയതാണ് ഈ എന്‍ജിന്‍. ഇതോടെ സര്‍വീസ് ഇടവേള വളരെയധികം വര്‍ധിച്ചു. വാല്‍വ് പരിശോധനയുടെ ഇടവേള 60,000 കിലോമീറ്ററാണ്. വി ട്വിന്‍ കരുത്തേകുന്ന മള്‍ട്ടിസ്ട്രാഡ 1260 മോട്ടോര്‍സൈക്കിളിനേക്കാള്‍ ഇരട്ടി ദൂരം.

താഴ്ന്ന റെവുകളില്‍ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് എന്‍ജിന്‍ ട്യൂണ്‍ ചെയ്തതായി ഡുകാറ്റി അറിയിച്ചു. യൂറോ 5 (ബിഎസ് 6) പാലിക്കുന്ന എന്‍ജിന്‍ 10,500 ആര്‍പിഎമ്മില്‍ 170 എച്ച്പി കരുത്തും 8,750 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. വി4 ഗ്രാന്‍ടുറിസ്‌മോ എന്‍ജിന്റെ ഭാരം 66.7 കിലോഗ്രാമാണ്. മള്‍ട്ടിസ്ട്രാഡ 1260 ഉപയോഗിക്കുന്ന ടെസ്റ്റസ്‌ട്രെറ്റ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനേക്കാള്‍ 1.2 കിലോഗ്രാം ഭാരം കുറവ്.

ടെക് സമൃദ്ധ മോട്ടോര്‍സൈക്കിളാണ് മള്‍ട്ടിസ്ട്രാഡ വി4. കോര്‍ണറിംഗ് എബിഎസ്, ഡുകാറ്റി വീലി കണ്‍ട്രോള്‍ (ഡിഡബ്ല്യുസി), ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), ഡുകാറ്റി കോര്‍ണറിംഗ് ലൈറ്റുകള്‍ (ഡിസിഎല്‍) എന്നിവയുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് (ഐഎംയു). വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ (വിഎച്ച്‌സി), ഓട്ടോ ലെവലിംഗ് ഫംഗ്ഷന്‍ സഹിതം സെമി ആക്റ്റീവ് ഡുകാറ്റി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ (ഡിഎസ്എസ്) കണ്‍ട്രോള്‍ സിസ്റ്റം എന്നിവ എസ് വേരിയന്റിലെ അധിക ഫീച്ചറുകളാണ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ (എസിസി), ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ (ബിഎസ്ഡി) എന്നിവ ഉപയോഗിക്കുന്ന റഡാര്‍ സംവിധാനം മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും സ്റ്റാന്‍ഡേഡായി നല്‍കി. അലുമിനിയം മോണോകോക്ക് ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്.

മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് സ്‌പോക്ക് വീലുകളിലാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 ഓടുന്നത്. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ യഥാക്രമം 1,567 എംഎം, 220 എംഎം എന്നിങ്ങനെയാണ്. 218 കിലോഗ്രാമാണ് വി4 എസ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഒരു കിലോഗ്രാം കൂടുതല്‍. ഇന്ധന ടാങ്കിന്റെ ശേഷി 22 ലിറ്ററാണ്.