Top Spec

The Top-Spec Automotive Web Portal in Malayalam

ടൊയോട്ട അർബൻ ക്രൂസർ ബുക്കിംഗ്‌ ആരംഭിച്ചു

ടൊയോട്ട ഡീലർഷിപ്പുകളിലും ഓൺലൈനിലും 11,000 രൂപ നൽകി പ്രീ-ബുക്കിംഗ് നടത്താം 

ഇന്ത്യയിൽ ടൊയോട്ട അർബൻ ക്രൂസർ സബ്കോംപാക്റ്റ് എസ് യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ടൊയോട്ട ഡീലർഷിപ്പുകളിലും ഓൺലൈനിലും 11,000 രൂപ നൽകി പ്രീ-ബുക്കിംഗ് നടത്താം. മാരുതി സുസുകി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പാണ് അർബൻ ക്രൂസർ. സിംഗിൾ ടോൺ നിറങ്ങളിലും ഡുവൽ ടോൺ നിറങ്ങളിലും ടൊയോട്ട അർബൻ ക്രൂസർ ലഭിക്കും.  

ഈ വർഷത്തെ ഉൽസവ സീസണിൽ (നവരാത്രി മുതൽ ദീപാവലി വരെ) ടൊയോട്ട അർബൻ ക്രൂസർ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ സുസുകി – ടൊയോട്ട പങ്കാളിത്തത്തിലൂടെ വിപണിയിലെത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് ടൊയോട്ട അർബൻ ക്രൂസർ. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്ത ടൊയോട്ട ഗ്ലാൻസയാണ് ആദ്യ മോഡൽ.  

മാരുതി സുസുകി വിറ്റാര ബ്രെസയുമായി താരതമ്യം ചെയ്യുമ്പോൾ ചില സ്റ്റൈലിംഗ് പരിഷ്കാരങ്ങൾ ഉണ്ടായിരിക്കും. രണ്ട് അഴികളോടുകൂടിയ (2 സ്ലാറ്റ്) ഗ്രിൽ, ഇരട്ട എൽഇഡി പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, ഇൻഡിക്കേറ്ററുകളുടെ ജോലി കൂടി ചെയ്യുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാംപുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സ്റ്റൈലിഷ് സ്പ്ലിറ്റ് എൽഇഡി ടെയ്ൽലാംപുകൾ,  ഉയർത്തി സ്ഥാപിച്ച എൽഇഡി സ്റ്റോപ്പ് ലാംപ് തുടങ്ങിയവ കാണാൻ കഴിയും.  

വിറ്റാര ബ്രെസയുമായി വളരെയധികം സാമ്യമുള്ളതായിരിക്കും അർബൻ ക്രൂസറിന്റെ കാബിൻ. ഡുവൽ ടോൺ ഡാർക്ക് ബ്രൗൺ പ്രീമിയം ഇന്റീരിയർ നൽകും. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിക്കാൻ കഴിയുന്ന ‘സ്മാർട്ട് പ്ലേകാസ്റ്റ്’ ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. സ്മാർട്ട്ഫോൺ അധിഷ്ഠിത നാവിഗേഷനാണ് മറ്റൊരു സവിശേഷത.  

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗിൽ സ്ഥാപിച്ച കൺട്രോളുകൾ, സ്റ്റാർട്ട് – സ്റ്റോപ്പ് പുഷ് ബട്ടൺ, മഴ പെയ്യുന്നത് മനസ്സിലാക്കി പ്രവർത്തിക്കുന്ന വൈപ്പറുകൾ, ക്രൂസ് കൺട്രോൾ, കാറിനകത്ത് ഇലക്ട്രോക്രോമിക് റിയർ വ്യൂ കണ്ണാടി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.  

മാരുതി വിറ്റാര ബ്രെസയിൽനിന്ന് കടം വാങ്ങിയതും ബിഎസ് 6 ബഹിർഗമന മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിൻ ടൊയോട്ട അർബൻ ക്രൂസറിന് കരുത്തേകും. ഈ മോട്ടോർ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ കൂടാതെ ഓപ്ഷണലായി 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമായിരിക്കും.  

പെട്രോൾ എൻജിൻ ഓപ്ഷനിൽ മാത്രമായിരിക്കും മാന്വൽ വേരിയന്റുകൾ ലഭിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകളിൽ പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനം കൂടി നൽകും. നൂതന ലിഥിയം അയൺ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉപയോഗിക്കുന്ന ഈ വേരിയന്റുകളിൽ ടോർക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് എന്നിവ സവിശേഷതകളായിരിക്കും.